കോവിഡ് വ്യാപനം രാജ്യത്ത് അതിരൂക്ഷമായി തുടരുകയാണെങ്കിലും വൈറസിനെ ഒരുപരിധി വരെ പിടിച്ചുകെട്ടിയ സംസ്ഥാനങ്ങളുമുണ്ട്. ഇക്കാര്യത്തിൽ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളാണ് മുന്നിട്ടുനിൽക്കുന്നത്. ഒരു മരണം പോലും റിപ്പോർട്ട് ചെയ്യാത്ത മിസോറാമാണ് ഇന്ത്യയിലെ കോവിഡ് പട്ടികയിൽ ഏറ്റവും അവസാനത്തെ നിരയിലുള്ളത്.
ആകെ രോഗബാധിതരുടെ എണ്ണം 5000ൽ കുറവായ മൂന്ന് സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളുമുണ്ട്. മിസോറാം (1578), സിക്കിം (2342), ദാദ്ര നാഗർ ഹവേലി ആൻഡ് ദാമൻ ദിയു (2879), ആന്തമാൻ നികോബാർ (3644), ലഡാക്ക് (3708), മേഘാലയ (4559) എന്നിങ്ങനെയാണ് കോവിഡ് ഏറ്റവും കുറവായ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും കണക്ക്.
മിസോറാമിൽ 588 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഒരാൾ പോലും മരിച്ചിട്ടില്ല. 423 പേർ ചികിത്സയിലുള്ള സിക്കിമിൽ 28 പേരാണ് മരിച്ചത്. ദാമൻ ദിയുവിൽ 211 പേർ ചികിത്സയിൽ തുടരുമ്പോൾ രണ്ട് പേർ മാത്രമാണ് മരിച്ചത്. ആൻഡമാനിൽ 52, ലഡാക്കിൽ 49, മേഘാലയയിൽ 36 എന്നിങ്ങനെയാണ് മരണസംഖ്യ.
നാഗാലാൻഡ് 10, അരുണാചൽ പ്രദേശ് 13, മണിപ്പൂർ 55 എന്നിവയാണ് മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മരണസംഖ്യ. എന്നാൽ, ഇവയിലുൾപ്പെട്ട അസമിൽ 548 പേരും ത്രിപുരയിൽ 239 പേരും മരിച്ചിട്ടുണ്ട്. അസമിൽ രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു.
അതേസമയം, രാജ്യത്ത് 92,065 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച് ആകെ രോഗബാധിതർ 54 ലക്ഷം കവിഞ്ഞിരിക്കുകയാണ്. 1,133 പേർ കൂടി മരിച്ചതോടെ ആകെ മരണം 86,752 ആയും ഉയർന്നു.
Latest Video:
: