ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം കവിഞ്ഞു. ഞായറാഴ്ച രാവിലെ എട്ടുവരെയുള്ള 24 മണിക്കൂറിനിടെ 45,674 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 85.08 ലക്ഷമായി.
ഒറ്റ ദിവസത്തിനിടെ 559 പേർകൂടി രോഗം ബാധിച്ചു മരിച്ചു. മഹാരാഷ്ട്രയിലാണ് പ്രതിദിന മരണം കൂടുതൽ, 150. ഡൽഹി (79), പശ്ചിമബംഗാൾ (58), കേരളം (28) എന്നിവയാണ് തൊട്ടുപിന്നിൽ. ഇതോടെ രാജ്യത്തെ ആകെ മരണം 1.26 ലക്ഷമായി.
ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് 5.13 ലക്ഷം പേർ ചികിത്സയിലുണ്ട്. രോഗമുക്തരായവരുടെ എണ്ണം 78.69 ലക്ഷം; 92.49 ശതമാനം. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 17.14 ലക്ഷം. കർണാടക -8.44 ലക്ഷം, ആന്ധ്രപ്രദേശ് -8.4 ലക്ഷം, തമിഴ്നാട് -7.41 ലക്ഷം.