Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചത് വഞ്ചനാക്കുറ്റമല്ല, നിയമ ലംഘനം മാത്രം: എഫ്.ഐ.ആർ റദ്ദാക്കി സുപ്രീം കോടതി

text_fields
bookmark_border
Supreme Court
cancel
camera_alt

സുപ്രീംകോടതി

ന്യൂഡൽഹി: വാഹനത്തിന്റെ പിൻവശത്തെ നമ്പർ പ്ലേറ്റ് മറച്ചുവെച്ച വ്യക്തിക്കെതിരെ രജിസ്റ്റർ ചെയ്ത വഞ്ചനാ കേസ് സുപ്രീം കോടതി റദ്ദാക്കി. നമ്പർ പ്ലേറ്റ് മറച്ചത് ട്രാഫിക് പിഴകളിൽ നിന്ന് രക്ഷപ്പെടാനാണെന്ന പൊലീസിന്റെ ഊഹങ്ങൾ മാത്രമാണ് ഇതിന് പിന്നിലുള്ളതെന്നും, അത് വഞ്ചനാക്കുറ്റമായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പിഴകളിൽ നിന്ന് രക്ഷപ്പെടാനോ കുറ്റകൃത്യങ്ങൾ ചെയ്താൽ പ്രതിയെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കാനോ വേണ്ടിയാണ് നമ്പർ പ്ലേറ്റ് മറച്ചതെന്ന പൊലീസിന്റെ വാദങ്ങൾ ഊഹങ്ങൾ മാത്രമാണെന്ന് കോടതി നിരീക്ഷിച്ചു. ആക്ടിവ സ്കൂട്ടറിന്റെ പിൻ നമ്പർ പ്ലേറ്റ് കറുത്ത മാസ്ക് ഉപയോഗിച്ച് മറച്ചുവെന്നതല്ലാതെ വഞ്ചനാപരമായ ഉദ്ദേശ്യത്തോടെയാണ് ഇത് ചെയ്തതെന്നതിന് യാതൊരു തെളിവുമില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

നമ്പർ പ്ലേറ്റ് മറക്കുന്നത് മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം പിഴ ഈടാക്കാവുന്ന കുറ്റമാണെങ്കിലും, അത് ക്രിമിനൽ കുറ്റമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ആവശ്യമായ തെളിവുകളില്ലാതെ ഇത്തരം നിയമ ലംഘനങ്ങളെ ഐ.പി.സി 420-ാം വകുപ്പ് പ്രകാരമുള്ള വഞ്ചനാക്കുറ്റമായി മാറ്റാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. വാഹനം ഓടിക്കുന്നതിനിടയിൽ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് നമ്പർ പ്ലേറ്റ് മറച്ച നിലയിൽ വാഹനം കണ്ടെത്തിയത്. തുടർന്ന് ഇയാൾക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

തെലങ്കാന ഹൈകോടതി ഈ കേസ് റദ്ദാക്കാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് ഹരജിക്കാരൻ സുപ്രീം കോടതിയെ സമീപിച്ചത്. മുൻവശത്തെ നമ്പർ പ്ലേറ്റ് വ്യക്തമായി കാണിച്ചുകൊണ്ട് പിൻവശത്തെ നമ്പർ പ്ലേറ്റ് മാത്രം മറച്ചുവെക്കുന്നത് തിരിച്ചറിയപ്പെടാതിരിക്കാനുള്ള ആസൂത്രിത നീക്കമായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. എഫ്.ഐ.ആറിലെ ആരോപണങ്ങൾ പൂർണമായി അംഗീകരിച്ചാൽ പോലും അത് വഞ്ചനാക്കുറ്റമായി മാറില്ലെന്നും, ഈ കേസ് തുടരുന്നത് നിയമവ്യവസ്ഥയുടെ ദുരുപയോഗമാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് മസീഹ് ഉത്തരവ് പുറപ്പെടുവിച്ചത്.

വഞ്ചനാക്കുറ്റത്തിനുള്ള വകുപ്പുകൾ റദ്ദാക്കിയെങ്കിലും, മോട്ടോർ വാഹന നിയമപ്രകാരമുള്ള പിഴ അടക്കുന്നതിൽ നിന്ന് ഹരജിക്കാരന് ഇളവില്ലെന്നും കോടതി വ്യക്തമാക്കി. എം.വി ആക്ട് പ്രകാരമുള്ള പിഴത്തുക ബന്ധപ്പെട്ട അധികാരികൾക്ക് മുമ്പാകെ ഒരു മാസത്തിനുള്ളിൽ അടക്കണമെന്ന് കോടതി നിർ​ദേശിക്കുകയും ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചത് വഞ്ചനാക്കുറ്റമല്ല| നിയമ ലംഘനം മാത്രം| എഫ്.ഐ.ആർ റദ്ദാക്കി സുപ്രീം കോടതി
Next Story