ന്യൂഡല്‍ഹി: ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് തദ്ദേശീയമായ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിന്, കോവാക്സിൻ ഡല്‍ഹി എയിംസില്‍ മനുഷ്യരിൽ പരീക്ഷണം തുടങ്ങി. വെള്ളിയാഴ്ച ഡൽഹി സ്വദേശിയായ 30കാരന് ആദ്യ ഡോസ് നൽകിയാണ് പരീക്ഷണത്തിന് തുടക്കമിട്ടത്.
ഉച്ചക്ക് 1.30നാണ് കോവാക്സിെൻറ ആദ്യ ഡോസായി 0.5 മില്ലി കുത്തിവെച്ചത്. ഡോസ് നൽകിയ ശേഷം യുവാവിനെ രണ്ടു മണിക്കൂറിൽ എയിംസിൽ നിരീക്ഷിച്ച ശേഷം വീട്ടിലേക്ക് പോകാൻ അനുവദിച്ചു.
വീട്ടിലാണെങ്കിൽ ഒരാഴ്ച പ്രത്യേക നിരീക്ഷണത്തിലായിരിക്കുമെന്ന് എയിംസ് അധികൃതർ വ്യക്തമാക്കി. വിവിധ പരിശോധനകള്‍ക്കും സ്ക്രീനിങ്ങിനും ശേഷമാണ് ഡല്‍ഹി സ്വദേശിയായ യുവാവിനെ മരുന്നു പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. ശനിയാഴ്ച ഡൽഹിയിൽ കൂടുതല്‍ പേരില്‍ പരീക്ഷണം നടത്തുമെന്നും എയിംസ് അധികൃതർ പറഞ്ഞു.
രോഗികളുടെ സാംപിളുകളിൽനിന്ന് ഐ.സി.എം.ആറിെൻറ പുണെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ശേഖരിച്ച കോവിഡ് 19െൻറ ജനിതകഘടകങ്ങൾ ഉപയോഗിച്ചാണ് ഭാരത് ബയോടെക് ‘ബിബിവി152 കോവിഡ് വാക്സിൻ’ വികസിപ്പിച്ചത്. മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കാന്‍ അടുത്തയിടെ ഡ്രഗ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. മരുന്നു പരീക്ഷണത്തിെൻറ ആദ്യ ഘട്ടമായി രാജ്യത്ത് 375 ആളുകളിലാണ് ഇത് ആദ്യം പരീക്ഷിക്കുന്നത്.
രണ്ടാം ഘട്ടത്തില്‍ 12 സ്ഥലങ്ങളിലായി 750 പേരില്‍ പരീക്ഷിക്കും. ആദ്യഘട്ടത്തില്‍ 18 വയസ്സിനും 55 വയസ്സിനും ഇടയിലുള്ളവർക്കും രണ്ടാം ഘട്ടത്തില്‍ 12 വയസ്സിനും 65 വയസ്സിനും ഇടയിലുള്ളവര്‍ക്കും ആദ്യ ഡോസ് നല്‍കും. 3500 പേരാണ് മരുന്നു പരീക്ഷണത്തിന് സന്നദ്ധത അറിയിച്ച് മുന്നോട്ടു വന്നിട്ടുള്ളത്. ഇവരിൽ 22 പേരെ പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്.