Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിജാബ്...

ഹിജാബ് അനിവാര്യമല്ലെന്ന കോടതി വിധിക്കെതിരെ ബി.ജെ.പി: ‘ആര് എന്ത് ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് കോടതികളല്ല’

text_fields
bookmark_border
ഹിജാബ് അനിവാര്യമല്ലെന്ന കോടതി വിധിക്കെതിരെ ബി.ജെ.പി: ‘ആര് എന്ത് ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് കോടതികളല്ല’
cancel

അലഹബാദ്: സ്കൂളിൽ ശിരോവസ്ത്രം ധരിക്കാൻ അനുവാദം തേടി മുസ്‍ലിം വിദ്യാർഥിനി നൽകിയ ഹരജി തള്ളിയ അലഹബാദ് ഹൈകോടതി നിരീക്ഷണങ്ങളെ വിമർശിച്ച് ബിജെപി. വിഷയം സ്കൂൾ അധികൃതർ തീരുമാനിച്ചാൽ മതിയെന്നും ആര് എന്ത് ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് കോടതികളല്ലെന്നും ബിജെപി ദേശീയ വക്താവ് സയ്യിദ് സഫർ ഇസ്‍ലാം വാർത്താ ഏജൻസിയായ പി.‌ടി.‌ഐയോട് പറഞ്ഞു.

‘വിശ്വാസം ഒരു വലിയ കാര്യമാണ്. കോടതി അത്തരം ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് എല്ലാ മതങ്ങളെയും ബാധിക്കുന്ന നിരവധി സങ്കീർണമായ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് എനിക്ക് തോന്നുന്നു’ -സഫർ ഇസ്‍ലാം പറഞ്ഞു.

ശിരോവസ്ത്രം ധരിക്കുന്നത് ഇസ്‍ലാമിക വിശ്വാസത്തിൽ അനിവാര്യ ഘടകമല്ലെന്നും ധരിച്ചില്ലെങ്കിൽ വിശ്വാസം അപകടത്തിലാകില്ലെന്നുമായിരുന്നു ഹൈകോടതിയുടെ പരാമർശം. സ്കൂൾ യൂനിഫോമിനൊപ്പം തട്ടംധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്ലസ് ടു വിദ്യാർഥിനി സമർപ്പിച്ച ഹരജി ആഗസ്റ്റ് 21നാണ് അലഹബാദ് ഹൈകോടതി തള്ളിക്കളഞ്ഞത്.

ഹരജിക്കാരി ഒഴികെ അതേ മതസമൂഹത്തിൽപ്പെട്ട കുട്ടികളാരും ശിരോവസ്ത്രം ധരിച്ചിട്ടില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സ്ഥാപനം നിഷ്കർഷിക്കുന്ന വസ്ത്രധാരണ രീതി വ്യക്തിപരമായ താൽപര്യങ്ങൾക്കനുസരിച്ച് മാറ്റാൻ ഒരു വിദ്യാർഥിക്കും അവകാശമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹരജി തള്ളിയത്.

‘ശിരോവസ്ത്രം ധരിക്കുന്നത് മുസ്‍ലിം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇസ്ലാമിക വിശ്വാസത്തിന്റെ അത്യന്താപേക്ഷിതമായ ഭാഗമല്ല. അത് ധരിച്ചില്ലെങ്കിൽ വിശ്വാസത്തിന് കോട്ടം തട്ടും എന്ന് പറയാനാവില്ല. സ്കൂളിലെ വിവിധ ക്ലാസുകളിൽ നിന്നുള്ള വിദ്യാർഥിനികളുടെ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ ഹരജിക്കാരിയല്ലാതെ മറ്റൊരു പെൺകുട്ടിയും ഹിജാബ് ധരിച്ചിട്ടില്ല. അതേ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥിനികളും ഹിജാബ് ധരിച്ചിരുന്നില്ല’ -കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ ജെ.ജെ. മുനീർ, ഇന്ദ്രജിത് ശുക്ല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പ്രയാഗ്‌രാജിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാർഥിനിയായിരുന്നു ഹർജിക്കാരി. ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയ ശേഷം അതേ സ്കൂളിൽ പ്ലസ് വൺ പ്രവേശനം തേടുന്നതിനിടെയാണ് കോടതിയെ സമീപിച്ചത്. ആറാം ക്ലാസ് മുതൽ സ്കൂളിൽ തട്ടമിട്ടാണ് പഠിക്കുന്നതെന്നും ഇസ്‍ലാമിക വിശ്വാസത്തിന്റെ അനിവാര്യ ഭാഗമായതിനാൽ അത് തുടരാൻ അനുവദിക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.

‘നിങ്ങൾക്ക് ഒരു മതത്തെ മാത്രം ഒറ്റപ്പെടുത്താൻ കഴിയില്ല. ഗ്രാമങ്ങളിൽ സ്ത്രീകൾ മൂടുപടം ധരിക്കാറുണ്ട്. ഇത് നമ്മുടെ സംസ്കാരത്തിന്റെയും സാമൂഹിക മര്യാദയുടെയും ഭാഗമാണ്. ഒരാളുടെ സ്വകാര്യ ജീവിതം എങ്ങനെ നടത്തണമെന്ന് കോടതി തീരുമാനിക്കേണ്ട കാര്യമല്ലെന്ന് ഞാൻ വിശ്വസിക്കുന്നു’ -സഫർ ഇസ്‍ലാം പറഞ്ഞു.

വിശ്വാസം ഒരു വലിയ കാര്യമാണ് എന്ന വസ്തുത കോടതി കണക്കിലെടുക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. എല്ലാ മതത്തിലെയും ആളുകൾ അവരവരുടെ വിശ്വാസങ്ങളിൽ വിശ്വസിക്കുകയും അതനുസരിച്ച് ജീവിതം നയിക്കുകയും ചെയ്യുന്നു. ഭരണഘടന എല്ലാവർക്കും ഈ അവകാശം നൽകുന്നുണ്ട്. ഒരു വ്യക്തി എന്ത് ധരിക്കണം അല്ലെങ്കിൽ എന്ത് ധരിക്കരുത് എന്നതിനെക്കുറിച്ച് കോടതി ഒരു ഉത്തരവുകളും പുറപ്പെടുവിക്കരുത്. ഓരോ പൗരനും അവർക്ക് ഇഷ്ടമുള്ള രീതിയിൽ ജീവിക്കാനും വസ്ത്രം ധരിക്കാനും അവകാശമുണ്ട്. രാജ്യത്തിന്റെ നിയമങ്ങൾ ലംഘിക്കരുത് എന്നതുമാത്രമാണ് ഏക നിബന്ധന. അതിനപ്പുറം, അവർക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. അതേസമയം, സ്കൂളുകളിലേത് വ്യത്യസ്തമായ ഒരു സാഹചര്യമാണ്. സ്കൂളുകൾക്ക് യൂനിഫോം ഉണ്ട്. എന്ത് ധരിക്കണം അല്ലെങ്കിൽ എന്ത് ധരിക്കരുത് എന്നതിനെക്കുറിച്ചുള്ള തീരുമാനം സ്കൂൾ അധികൃതർക്ക് വിടണം. കോടതികളല്ല, സ്കൂളുകാരാണ് അത് കൈകാര്യം ചെയ്യേണ്ടത് -ബിജെപി വക്താവ് പറഞ്ഞു.

കോടതി വിധിക്കെതിരെ രൂക്ഷ വിമർശനവുമായി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ- ത്തിദുൽ മുസ്‍ലിമീൻ (എ.ഐ.എം.ഐ.എം) അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഉവൈസിയും രംഗത്തെത്തിയിരുന്നു. അലഹബാദ് ഹൈകോടതി ഉത്തരവ് ഭരണഘടനയുടെ 19, 25 ആർട്ടിക്കിളുകൾക്ക് എതിരാണെന്ന് അദ്ദേഹം പറഞ്ഞു.

കോടതി വിധി ഇസ്‍ലാമിന് നേരെയുള്ള ആക്രമണമാണണെന്നും ഉ​വൈസി വിശേഷിപ്പിച്ചു. ഇസ്‍ലാമിൽ ഏതാണ് അത്യന്താപേക്ഷിതമായത്, ഏതാണ് അല്ലാത്തത് എന്ന് തീരുമാനിക്കേണ്ടത് കോടതികളല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇത് ഞങ്ങളുടെ മതമാണ്. മതത്തിൽ എന്താണ് അത്യന്താപേക്ഷിതമായതെന്ന് ഞങ്ങൾ തീരുമാനിക്കും. അത് തീരുമാനിക്കാൻ ജഡ്ജിമാർ ആരാണ്? ഇത് ഞങ്ങളുടെ മതത്തിന് നേരെയുള്ള ആക്രമണമാണ്’ -ഉവൈസി പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hijabAllahabad High CourtIndia NewsHijab VerdictBJP
News Summary - Courts shouldn't dictate dress codes: BJP on HC's hijab verdict
Next Story