ശഹീൻ ബാഗിനെതിരെ വിദ്വേഷ പ്രസംഗം: അനുരാഗ് താക്കൂർ കുറ്റക്കാരനല്ലെന്ന വിധിക്കെതിരായ പുനഃപരിശോധനാ ഹരജി തള്ളി
text_fieldsന്യൂഡൽഹി: 2020-ൽ ശഹീൻ ബാഗിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തിൽ ബി.ജെ.പി നേതാക്കളായ അനുരാഗ് താക്കൂറും പർവേശ് വർമയും കുറ്റക്കാരല്ലെന്നുള്ള സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹരജി തള്ളി. സമരം നടത്തിയവർക്ക് നേരെയുള്ള ആക്രമണാഹ്വാനം എന്ന രൂക്ഷവിമർശനേമറ്റുവാങ്ങിയ ‘ഗോലി മാറോ സാലോം കോ’ എന്ന ആഹ്വാനം അടക്കമുള്ള സംഭവത്തിലായിരുന്നു കേസ്.
സി.പി.എം നേതാവ് വൃന്ദ കാരാട്ടാണ് പുനഃപ്പരിശോധനാ ഹരജി സമർപ്പിച്ചത്. പുനഃപ്പരിശോധിക്കേണ്ട കാരണമൊന്നും കാണുന്നില്ലെന്ന് പറഞ്ഞാണ് സുപ്രീം കോടതി ജഡ്ജിമാരുടെ ചേംബറിൽ വെച്ചുതന്നെ ഹരജി തള്ളിയത്. പുനഃപ്പരിശോധനാ ഹരജി തുറന്ന കോടതിയിൽ കേൾക്കണമെന്ന വൃന്ദ കാരാട്ടിന്‍റെ ആവശ്യം ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് നേരത്തെ തള്ളിയിരുന്നു.
രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലണമെന്നായിരുന്നു (ദേശ് കീ ഗദ്ദാറോം കോ, ഗോലി മാറോ സാലോം കോ) എന്നായിരുന്നു കേന്ദ്ര മന്ത്രിയായിരുന്ന അനുരാഗ് താക്കൂർ ബി.ജെ.പി പ്രവർത്തകരെ കൊണ്ട് വിളിപ്പിച്ചത്. ശഹീൻ ബാഗിലെ പ്രകടനക്കാരെ തടഞ്ഞില്ലെങ്കിൽ അവർ വീടുകളിൽ കടന്നു കയറി ബലാൽസംഗം ചെയ്യുമെന്നും ആൾക്കാരെ കൊല്ലുമെന്നുമാണ് പർവേശ് വർമ പ്രസംഗിച്ചത്. വിദ്വേഷ പരാമർശങ്ങൾ നടത്തിയ അനുരാഗ് താക്കൂറിനും പർവേശ് വർമക്കുമെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് അവർ ആവശ്യപ്പെടുകയും ചെയ്തു.
ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവുമായി വൃന്ദ കാരാട്ട് ആദ്യം ഡൽഹി പൊലീസിനെ സമീപിച്ചു. അതിന് വിസമ്മതിച്ച പൊലീസിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവ് നൽകണമെന്ന ആവശ്യവുമായി അവർ വിചാരണ കോടതിയെ സമീപിച്ചു. പിന്നീട് വിഷയം സുപ്രീംകോടതിയിൽ എത്തിയെങ്കിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തക്ക പ്രശ്നങ്ങളൊന്നും ഇല്ലെന്ന് കണ്ടെത്തി ഏപ്രിൽ 29 ന് ഉത്തരവ് പുറപ്പെടുവിച്ചു. അത് ചോദ്യം ചെയ്താണ് അവർ പുനഃപരിശോധനാ ഹരജിയുമായി വീണ്ടും കോടതിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

