ഇ20 ഇന്ധന വിവാദം; നിതിൻ ഗഡ്കരിക്കെതിരായ വ്യാജ വീഡിയോകളും എ.ഐ ചിത്രങ്ങളും നീക്കാൻ ബോംബെ ഹൈകോടതി ഉത്തരവ്
text_fieldsമുംബൈ: ഇ20 ഇന്ധന നയവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ വീഡിയോകളും എ.ഐ നിർമിത ചിത്രങ്ങളും നീക്കം ചെയ്യാൻ ബോംബെ ഹൈകോടതി ഉത്തരവ്. നിതിൻ ഗഡ്കരി സമർപ്പിച്ച മാനനഷ്ട ഹരജി പരിഗണിച്ച ജസ്റ്റിസ് ആരിഫ് എസ്. ഡോക്ടർ അധ്യക്ഷനായ ബെഞ്ചാണ് മെറ്റ, എക്സ്, ഗൂഗ്ൾ എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകൾക്ക് വിവാദ ഉള്ളടക്കം നീക്കാൻ നിർദേശം നൽകിയത്.
തനിക്കും കുടുംബാംഗങ്ങൾക്കും ഇ20 എഥനോൾ മിശ്രിത ഇന്ധന നയത്തിൽനിന്ന് സാമ്പത്തിക നേട്ടമുണ്ടായെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോകളും ചിത്രങ്ങളും പൂർണമായും വ്യാജവും അപകീർത്തികരവുമാണെന്ന് നിതിൻ ഗഡ്കരി സമർപ്പിച്ച ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇ 20 നയം നടപ്പാക്കുന്നതും നിയന്ത്രിക്കുന്നതും കേന്ദ്ര പെട്രോളിയം മന്ത്രാലയമാണെന്നും അതിന്റെ രൂപീകരണത്തിലോ നടപ്പാക്കലിലോ തനിക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ഹർജി പരിഗണിച്ച കോടതി, പ്രഥമദൃഷ്ട്യാ പരാതിയിൽ കഴമ്പുണ്ടെന്ന് നിരീക്ഷിക്കുകയും വിവാദ ഉള്ളടക്കം കൂടുതൽ പ്രചരിക്കുന്നത് തടയേണ്ടതുണ്ടെന്ന് വിലയിരുത്തുകയും ചെയ്തു. ഉള്ളടക്കം ‘നീചവും ദുരുപയോഗപരവും’ ആണെന്ന് കോടതി വിശേഷിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളോട് വ്യാജ വീഡിയോകളും എ.ഐ ചിത്രങ്ങളും നീക്കം ചെയ്യാൻ ഇടക്കാല നിർദേശം നൽകിയത്. കേസിന്റെ തുടർവാദം പിന്നീട് പരിഗണിക്കും.
നേരത്തേ നിതിൻ ഗഡ്കരിക്ക് മെറ്റ, എക്സ്, ഗൂഗ്ൾ എന്നിവർക്കും അജ്ഞാത വ്യക്തികൾക്കുമെതിരെ സിവിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ബോംബെ ഹൈകോടതി അനുമതി നൽകിയിരുന്നു. വ്യാജ ഉള്ളടക്കം സ്ഥിരമായി നീക്കുക, ഭാവിയിൽ സമാനമായ പ്രചാരണം തടയുക, കൂടാതെ 11 കോടി രൂപ നഷ്ടപരിഹാരം അനുവദിക്കുക എന്നിവയാണ് ഹരജിയിലെ പ്രധാന ആവശ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

