രക്തസാക്ഷി ദിന റാലിയുടെ വേദി മാറ്റണമെന്ന് കോടതി; മമതക്ക് തിരിച്ചടി
text_fieldsമമത ബാനർജി
കൊൽക്കത്ത: വർഷങ്ങളായി മധ്യ കൊൽക്കത്തയിലെ എസ്പ്ലനേഡിലുള്ള വിക്ടോറിയ ഹൗസിന് മുന്നിൽ ജൂലൈ 21ന് രക്തസാക്ഷി ദിന റാലി നടത്താറുള്ള മമതക്ക് തിരിച്ചടിയായി ഹൈകോടതി ഉത്തരവ്. റാലിയുടെ വേദി വിക്ടോറിയ ഹൗസിന് മുന്നിൽനിന്ന് ബിർള പ്ലാനറ്റേറിയത്തിന് സമീപത്തേക്ക് മാറ്റാൻ കോടതി നിർദേശിച്ചു.
ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ക്രമസമാധാനം നിലനിർത്താനും ലക്ഷ്യമിട്ടാണ് ഈ തീരുമാനമെന്ന് കോടതി പറഞ്ഞു. ബംഗാൾ ഭരിക്കുന്ന ബി.ജെ.പി സർക്കാറും മമതയുടെ ആവശ്യത്തെ എതിർത്തു. കൊൽക്കത്തയുടെ ഹൃദയഭാഗമായ എസ്പ്ലനേഡ് പ്രദേശത്തിന് സമീപം അന്ന് കോൺഗ്രസിന്റെയും തൃണമൂൽ വിമത വിഭാഗത്തിന്റെയും പരിപാടികൾ നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയ കോടതി, അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ ആവശ്യത്തിന് പൊലീസിനെ വിന്യസിക്കാൻ ഉത്തരവിട്ടു. ജൂലൈ 21ന് ഉച്ചക്ക് 12 മുതൽ വൈകീട്ട് 3.30 വരെയാണ് പരിപാടി.
അതേസമയം, തൃണമൂൽ കോൺഗ്രസിൽ ഭിന്നത രൂക്ഷമാക്കി മുതിർന്ന നേതാവും എം.എൽ.എയുമായ മദൻ മിത്ര പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി നയിക്കുന്ന വിമത ക്യാമ്പിൽ ചേർന്നു. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷത്തിന് കനത്ത തിരിച്ചടിയാണ് ഈ നീക്കം. നഗരസഭാ നിയമന കോഴക്കേസുമായി ബന്ധപ്പെട്ട് മദൻ മിത്രയുടെ ഭാര്യയെയും രണ്ട് ആൺമക്കളെയും ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിറ്റേന്നാണ് നാടകീയ നീക്കങ്ങൾ.
മമത ബാനർജിയെ അനുകൂലിക്കുന്ന കാളിഘട്ട് തൃണമൂലിന് കീഴിലുള്ള എല്ലാ ദേശീയ-സംസ്ഥാന സംഘടനാ സമിതികളിൽനിന്ന് രാജിവെക്കുകയാണെന്ന് കമർഹാട്ടിയിൽനിന്നുള്ള എം.എൽ.എയായ മദൻ മിത്ര പ്രഖ്യാപിച്ചു.
മമത വിഭാഗം നേരിടുന്ന പ്രതിസന്ധികൾക്ക് ആക്കം കൂട്ടുന്നതാണ് വിമത ചേരിയിലേക്കുള്ള ഈ കൂടുമാറ്റം. ചൊവ്വാഴ്ച രാത്രി വിമത എം.എൽ.എ സന്ദീപൻ സാഹയുടെ വസതി മദൻ മിത്ര സന്ദർശിച്ചതോടെയാണ് പാർട്ടി വിടുമെന്ന അഭ്യൂഹം ശക്തമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

