ബിരിയാണിയിൽ ചത്ത പ്രാണി; റസ്റ്ററന്റിന് 10,000 രൂപ പിഴ, 10 പ്ലേറ്റ് ബിരിയാണി സൗജന്യമായി നൽകാനും ഉത്തരവ്
text_fieldsന്യൂഡൽഹി: ബിരിയാണിയിൽ ചത്ത പ്രാണിയെ കണ്ടെത്തിയതിനെ തുടർന്ന് ഉപഭോക്താവ് നൽകിയ പരാതിയിൽ റസ്റ്ററന്റിന് പിഴയും ശിക്ഷയും വിധിച്ച് ഉപഭോക്തൃ കമീഷൻ. ഉപഭോക്താവിന് പതിനായിരം രൂപ നഷ്ടപരിഹാരവും അഞ്ചാഴ്ചത്തേക്ക് 10 പ്ലേറ്റ് ബിരിയാണി സൗജന്യമായി നൽകണമെന്നുമാണ് പുതുച്ചേരി ഉപഭോക്തൃ കമീഷന്റെ ഉത്തരവ്.
വിധി പ്രകാരം, എല്ലാ ഞായറാഴ്ചയും രണ്ട് പ്ലേറ്റ് ഹൈദരാബാദി ചിക്കൻ ബിരിയാണി വീതം അഞ്ച് ആഴ്ചത്തേക്ക് സൗജന്യമായി ഉപഭോക്താവിന് എത്തിച്ചു നൽകണം.
2025 ഡിസംബർ എട്ടിനാണ് പി. സുന്ദരകുമാര മണികണ്ഠനും സുഹൃത്ത് മുഹമ്മദ് നിയാസുദീനും 'ബിരിയാണി ആൻഡ് കോ' എന്ന റസ്റ്ററന്റിൽ ബിരിയാണി കഴിക്കാനെത്തിയത്. അവർക്ക് വിളമ്പിയ ഭക്ഷണത്തിൽ ചത്തപ്രാണിയെ കണ്ടെത്തിയതിനെ തുടർന്ന് റസ്റ്ററന്റിനെതിരെ പരാതി നൽകുകയായിരുന്നു. മലിനമായ ഭക്ഷണം മാനസിക വിഷമവും ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്ന ഭയവുമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി 1,30,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇദ്ദേഹം റസ്റ്ററന്റിന് വക്കീൽ നോട്ടീസ് അയച്ചത്.
ഹോട്ടൽ അധികൃതരുടെ ഭാഗത്തുനിന്നും അനുകൂല പ്രതികരണം ഉണ്ടാകാത്തതിനെ തുടർന്ന് ഉപഭോക്താവ് കമീഷനെ സമീപിക്കുകയായിരുന്നു. കൂടാതെ ഭക്ഷണത്തിന്റെ വിഡിയോ റെക്കോഡ് ചെയ്യുകയും ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. ഇതും പരാതിക്കൊപ്പം സമർപ്പിച്ചിരുന്നു.
തുടർന്ന് സുന്ദരകുമാര മണികണ്ഠന്റെ പരാതിയിൽ 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം കമീഷൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. പരാതിക്കാരൻ സമർപ്പിച്ച ഡിജിറ്റൽ തെളിവുകൾ വിശദമായി പരിശോധിച്ചാണ് കമീഷൻ വിധി പുറപ്പെടുവിച്ചത്. ഉപഭോക്താക്കൾക്ക് സുരക്ഷിതമല്ലാത്ത ഭക്ഷണം വിളമ്പിയ ഹോട്ടലിന്റെ നടപടി ഗുരുതരമായ വീഴ്ചയാണെന്ന് കണ്ടെത്തിയ കമീഷൻ, പരാതിക്കാരന് 10,000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവായി 3,000 രൂപയും നൽകാൻ വിധിച്ചു. ഇതിന് പുറമെയാണ് സൗജന്യമായി ബിരിയാണി നൽകാനുള്ള ഉത്തരവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

