ഉമർ ഖാലിദിന് ഇടക്കാല ജാമ്യം; ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ജാമ്യം
text_fieldsന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ ചുമത്തി ജയിലിലടച്ച വിദ്യാർഥി നേതാവ് ഉമർ ഖാലിദിന് ഏഴുദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ഡിസംബർ 28 മുതൽ ജനുവരി മൂന്നുവരെ ഡൽഹി കർകർദൂമ കോടതിയാണ് ജാമ്യം അനുവദിച്ചത്.
രണ്ട് ആൾ ജാമ്യവും 20,000 രൂപയും കെട്ടിവെക്കണം. കുടുംബാംഗങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരെ മാത്രമേ കാണാൻ പാടുള്ളൂ, സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം.
2020 സെപ്റ്റംബറിലാണ് ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. കല്യാണത്തിൽ പങ്കെടുക്കാൻ നേരത്തെ ഒരു തവണ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. 2022ൽ വിചാരണ കോടതിയും ഡൽഹി ഹൈകോടതിയും ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചിരുന്നു.
ഡൽഹി കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആണെന്നാരോപിച്ചാണ് ഉമർ ഖാലിദിനെ യു.എ.പി.എ ചുമത്തി ജയിലിലടച്ചത്. ജാമ്യമോ വിചാരണയോ ഇല്ലാതെ 2020 മുതൽ തിഹാർ ജയിലിൽ കഴിയുകയാണ് ഉമർ ഖാലിദ്. 53പേരുടെ മരണത്തിനിടയാക്കിയ കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബർ 14ന് ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ മുൻ വിദ്യാർഥിയെ ഡൽഹി പോലീസിന്റെ പ്രത്യേക സെൽ അറസ്റ്റ് ചെയ്തത്. യു.എ.പി.എ പോലുള്ള പ്രത്യേക നിയമങ്ങളുടെ പരിധിയിൽവരുന്ന കുറ്റങ്ങൾക്ക് പോലും ജാമ്യം നൽകാമെന്ന സുപ്രീംകോടതി ഉത്തരവ് നിലനിൽക്കെ ജാമ്യം തേടി നിരവധി തവണ ഖാലിദ് ഒന്നിലധികം കോടതികളെ സമീപിച്ചെങ്കിലും പുറത്തേക്കുള്ള വഴി തുറന്നില്ല.
ആരോപിക്കപ്പെട്ട കുറ്റം നിഷേധിച്ച് നിരപരാധിയാണെന്ന് വാദിക്കുന്ന ഈ 36കാരൻ, സമാധാനപരമായ ഒരു പ്രതിഷേധത്തിൽ മാത്രമാണ് താൻ പങ്കെടുത്തതെന്ന് പറയുന്നു. കലാപം നടന്ന് മാസങ്ങൾക്കുള്ളിൽ വിവിധ കേസുകളിലായി 2500ഓളം പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. വാദങ്ങളും വിചാരണകളും നടത്തി ഇതിനകം 2000ത്തിലധികം പേർക്ക് കീഴ്‌ക്കോടതികൾ ജാമ്യം നൽകി. ‘അന്തംകെട്ട’ അന്വേഷണത്തിന്റെ പേരിൽ ഈ കോടതികൾ പല ഘട്ടങ്ങളിലും പൊലീസിനെ ശാസിക്കുകയും ചെയ്തു. എന്നാൽ, ഖാലിദിനെതിരെ ഇനിയും വിചാരണ ആരംഭിച്ചിട്ടില്ല.
2020 ലെ കലാപവുമായി ബന്ധപ്പെട്ട കേസുകളിലൊന്നിൽ ഖാലിദിനെ മറ്റ് 17 പേർക്കൊപ്പം പൊലീസ് പ്രതിയാക്കി. അവരിൽ പലരും ജാമ്യത്തിലിറങ്ങി. ജയിലിലടച്ച് ഒന്നര വർഷത്തിന് ശേഷം 2022 മാർച്ചിൽ കർക്കർദൂമ കോടതി ഖാലിദിന് ആദ്യമായി ജാമ്യം നിഷേധിച്ചു. പിന്നീട്, ഡൽഹി ഹൈകോടതിയെ സമീപിച്ചെങ്കിലും അവിടെയും നിഷേധിച്ചു. തുടർന്ന് ഖാലിദ് സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ സമർപിച്ചു. 2024 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, 11മാസത്തിനിടെ 14 തവണ സുപ്രീംകോടതിക്ക് മുമ്പാകെയുള്ള അദ്ദേഹത്തിന്റെ ഹരജി മാറ്റിവെക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

