ന്യൂഡൽഹി: ലക്ഷം രൂപയും തത്തുല്യമായ രണ്ട് ആൾജാമ്യത്തിലുമാണ് പട്യാല കോടതി ദിശ രവിക്ക് ജാമ്യം അനുവദിച്ചത്. മുൻകൂർ അനുമതിയില്ലാത്ത രാജ്യത്തിന് പുറത്തുപോകരുത്, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയവയും ജാമ്യവ്യവസ്ഥകളിലുണ്ട്. ദിശക്ക് ജാമ്യം ലഭിച്ചാൽ തെളിവു നശിപ്പിക്കുമെന്ന് പൊലീസ് വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.
കേസിലെ കുറ്റാരോപിതരായ അഭിഭാഷക നികിത ജേക്കബിനെയും ആക്ടിവിസ്റ്റ് ശാന്തനു മുലുക്കിനെയും ഒപ്പമിരുത്തി ചോദ്യം ചെയ്യാനായി ദിശയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നേരത്തേ നൽകിയ മറ്റൊരു ഹരജിയും ചൊവ്വാഴ്ച കോടതി തീർപ്പാക്കി. ശാന്തനു മുലുക്ക് നൽകിയ മുൻകൂർ ജാമ്യ ഹരജി പട്യാല കോടതി ബുധനാഴ്ച പരിഗണിക്കും.
ഡൽഹിയിൽ തുടരുന്ന കർഷക സമരവുമായി ബന്ധപ്പെട്ട് ടൂൾകിറ്റ് ഉണ്ടാക്കുകയും അത് ട്വിറ്ററിലുടെ പങ്കു വഹിക്കുകയും ചെയ്തതിന് ഫെബ്രുവരി 13ന് ബംഗളൂരുവിൽ നിന്നാണ് ദിശയെ ഡൽഹി പൊലീസ് സൈബർ സെൽ അറസ്റ്റു ചെയ്തത്. ഖലിസ്താൻ അനുകൂല പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനുമായി ദിശ സഹകരിച്ചുവെന്നും പൊലീസ് ആരോപിച്ചിരുന്നു.
കർഷക സമരത്തിെൻറ മറവിൽ രാജ്യത്തിെൻറ പ്രതിച്ഛായ തകർക്കാനും അശാന്തിയുണ്ടാക്കാനുമുള്ള ആഗോള ഗൂഢാലോചനയിൽ പങ്കാളിയാണ് ദിശയെന്നാണ് ഡൽഹി പൊലീസ് കോടതിയിൽ ആരോപിച്ചത്. ദിശയുടെ അറസ്റ്റ് രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.