നാസിക് ടി.സി.എസ് കേസ്; നിദ ഖാന് ജാമ്യം അനുവദിച്ച് കോടതി
text_fieldsമുംബൈ: നാസിക് ടി.സി.എസിലെ ലൈംഗികാതിക്രമ, മതംമാറ്റ കേസിൽ ആരോപണ വിധേയയായ നിദ ഖാന് കോടതി ജാമ്യമനുവദിച്ചു. ടി.സി.എസിലെ ലൈംഗികാതിക്രമ-മതംമാറ്റ കേസിൽ മുഖ്യസൂത്രധാരയാണെന്ന് ആരോപിച്ചാണ് നിദ ഖാനെ നാസിക് പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞിരുന്ന നിദയ്ക്ക് അഭയം നൽകിയെന്നാരോപിച്ച് എ.ഐ.എം.ഐ.എം കോർപ്പറേറ്റർ മത്തീൻ പട്ടേലിനെതിരെയും കേസെടുത്തിരുന്നു.
നാസിക്കിലെ ഐ.ടി കമ്പനിയായ ടി.സി.എസിൽ ഒമ്പത് പീഡനക്കേസുകളാണ് നിലവിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷിക്കുന്നത്. നിർബന്ധിത മതപരിവർത്തനശ്രമം, ലൈംഗികാതിക്രമം, മാനസിക പീഡനം തുടങ്ങിയ പരാതികളിൽ ഓപറേഷൻസ് മാനേജർ ഉൾപ്പെടെ എട്ട് പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. ജീവനക്കാരെ പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ചേർത്ത് മതപരമായ ആചാരങ്ങൾ പാലിക്കാൻ നിർബന്ധിച്ചു എന്നതാണ് നിദ ഖാനെതിരെയുള്ള ആരോപണം. പീഡന പരാതി ഉയർന്ന ജീവനക്കാരെ സസ്പെൻഡ് ചെയ്തതായും ഇത്തരം കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും ടി.സി.എസ് മാനേജ്‌മെന്റ് അറിയിച്ചിരുന്നു. മുൻകൂർ ജാമ്യം തേടി നിത ഖാൻ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അപേക്ഷ തള്ളിയിരുന്നു. രണ്ട് മാസം ഗർഭിണിയാണെന്നും അതിനാൽ അറസ്റ്റ് തടയണമെന്നുമായിരുന്നു ആവശ്യം.
ഫെബ്രുവരിയിലാണ് ടി.സി.എസിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സൂചന ലഭിച്ചതെന്നാണ് പൊലീസ് പറയുന്നത്. ‘ഒരു രാഷ്ട്രീയ’ക്കാരൻ നൽകിയ പരാതിയിൽ രഹസ്യമായി അന്വേഷണം നടത്തുകയായിരുന്നുവത്രെ. ആദ്യ പരാതി നൽകുന്നത് മാർച്ച് 25നാണ്. വിവാഹവാഗ്ദാനം നൽകി ബലാത്സംഗത്തിന് ഇരയാക്കുകയും മതം മാറ്റത്തിന് നിർബന്ധിക്കുകയും ചെയ്തെന്ന് ആരോപിച്ച് ഒരു ജീവനക്കാരി, സഹപ്രവർത്തകൻ ഡാനിഷ് ശൈഖിന് എതിരെ നാസിക് പൊലിസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഹൗസ്കീപ്പിങ് ജീവനക്കാരായി സ്ഥാപനത്തിൽ കയറി കൂടുതൽ കാര്യങ്ങൾ കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു. പിന്നാലെ, ഒരു പുരുഷ ജീവനക്കാരനും മറ്റ് ഏഴ് ജീവനക്കാരികളും പരാതി നൽകി. പീഡനത്തിന് ഇരയായവരെ പരാതി നൽകാൻ തങ്ങൾ ധൈര്യം നൽകുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, വഴിവിട്ട പ്രണയവും പ്രണയവഞ്ചനയും നടന്ന കേസിൽ രാഷ്ട്രീയപ്രേരീതമായി മറ്റു വിചിത്ര കഥകൾ ചേർത്ത് കേസ് കെട്ടിച്ചമക്കുകയായിരുന്നുവെന്നാണ് അറസ്റ്റിലായവരുടെ ബന്ധുക്കൾ ആരോപിക്കുന്നത്. ബജ്റങ്ദളിന്റെ ഗൂഢാലോചനയാണ് ഇതിന് പിന്നിലൊന്നും അവർ ആരോപിക്കുന്നു.
ഡാനിഷ് ശൈഖിന് പുറമെ തൗസീഫ് അത്താർ, ഷാരൂഖ് ഖുറൈശി, റാസ മേമൻ, ഷാഫി ശൈഖ്, അഫ്താബ് അൻസാരി എന്നിവർക്ക് എതിരെ ലൈംഗികാതിക്രമം, മതപരമായ അവഹേളനം, മതം മാറ്റത്തിന് നിർബന്ധിക്കൽ തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്. ഇവരെ അറസ്റ്റ് ചെയ്ത പൊലീസ് ജീവനക്കാരുടെ പരാതി മുക്കിയെന്ന് ആരോപിച്ച് ഓപറേഷൻ മാനേജർ അശ്വിനി ചൈനാനിയെയും അറസ്റ്റ് ചെയ്തു. എച്ച്.ആർ മാനേജർ എന്ന് വിശേഷിപ്പിക്കപ്പെട്ട നിതാഖാനായി തിരച്ചിലും തുടങ്ങി. ഇതോടെ, രാജ്യാന്തര ബന്ധമുള്ള മതംമാറ്റ-ഭീകരവാദ റാക്കറ്റ് എന്നു പറഞ്ഞ് പല കഥകളും പ്രചരിച്ചുതുടങ്ങി.
2022 ഫെബ്രുവരിക്കും കഴിഞ്ഞ മാർച്ചിനും ഇടയിലാണ് ടി.സി.എസിൽ ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങൾ നടക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ബിരുദവിദ്യാർഥിയായ പരാതിക്കാരി 2022ലാണ് ടി.സി.എസിൽ ജോലിക്കാരനും വിവാഹിതനുമായ ഡാനിഷ് ശൈഖിനെ പരിചയപ്പെടുന്നത്. ബിരുദാനന്തരം ടി.സി.എസിൽ ജോലിക്ക് അപേക്ഷിക്കാൻ പ്രേരിപ്പിച്ചതും ജോലി വാങ്ങിക്കൊടുത്തതും ഡാനിഷ് ആണെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.
വിവാഹ വാഗ്ദാനം നൽകി ഡാനിഷ് ലൈംഗികമായി ചൂഷണം ചെയ്തെന്നും ഇക്കാര്യമറിഞ്ഞ, മറ്റൊരു ജീവനക്കാരൻ തൗസീഫ് അത്താർ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. യുവതി നോമ്പനുഷ്ഠിക്കുകയും വേഷങ്ങളിലും പെരുമാറ്റത്തിലും മാറ്റം വരുത്തുകയും ചെയ്തതോടെ ജോലിക്ക് പോകുന്നത് കുടുംബം തടഞ്ഞു. ഇതിനിടെ, ഡാനിഷിന്റെ ഭാര്യ യുവതിയെ വിളിച്ച്, ഇയാൾ വിവാഹിതനാണെന്നും രണ്ടു മക്കളുടെ പിതാവാണെന്നും അറിയിച്ചു. ഇതോടെയാണ് വഞ്ചന തിരിച്ചറിഞ്ഞതെന്ന് പെൺകുട്ടി പറയുന്നു.
ഡാനിഷിന് എതിരെ എസ്.സി, എസ്.ടി നിയമവും ചുമത്തിയിട്ടുണ്ട്. അറസ്റ്റിലായവർ സംഘടിതമായി 18 നും 25 നും ഇടയിൽ പ്രായമുള്ള, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികളെ ലക്ഷ്യമിടുകയായിരുന്നു എന്നും പൊലീസ് പറയുന്നു. ലൈംഗികച്ചുവയോടെ സംസാരിച്ചു, സ്പർശിച്ചു, തങ്ങളുടെ ദൈവങ്ങളെ അധിക്ഷേപിച്ചു തുടങ്ങിയ ആരോപണങ്ങളും പരാതിയിലുണ്ട്. മാംസം തീറ്റിച്ചു, നമസ്കരിക്കാൻ നിർബന്ധിച്ചു, ജോലി തുടങ്ങുമ്പോൾ ഇസ്‍ലാമിക പ്രാർഥന ചൊല്ലിച്ചു എന്നെല്ലാമാണ് പുരുഷ ജീവനക്കാരന്റെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

