ഇന്ത്യാ വിഭജനം പ്രമേയമാക്കിയ ടി.വി ഷോ മുസ്‍ലിം വിരുദ്ധമെന്ന പരാതിയിൽ ‘ആജ് തക്’ അവതാരകക്കെതിരെ കേസെടുക്കാൻ യു.പി കോടതി
text_fieldsലക്നോ: കഴിഞ്ഞ മാസം സംപ്രേഷണം ചെയ്ത ടെലിവിഷൻ ഷോയുടെ എപ്പിസോഡുമായി ബന്ധപ്പെട്ട് ‘ആജ് തക്’ ചാനൽ അവതാരക അഞ്ജന ഓം കശ്യപിനെതിരായ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ ലക്നോവിലെ ഒരു കോടതി നിർദേശിച്ചതായി ലൈവ് ലോ റിപ്പോർട്ട് ചെയ്തു. ആഗസ്റ്റ് 14ന് സംപ്രേഷണം ചെയ്ത ‘ബ്ലാക്ക് ആൻഡ് വൈറ്റ്’ എന്ന ഷോയുടെ എപ്പിസോഡിന്റെ പേര് ‘ഭാരത് വിഭജൻ കാ മക്ഷദ് പുര ക്യൂൻ നഹി ഹുവാ?’ (ഇന്ത്യയുടെ വിഭജനത്തിന്റെ ഉദ്ദേശ്യം എന്തുകൊണ്ട് നിറവേറ്റപ്പെട്ടില്ല?) എന്നാണ്.
ഇതിനെതിരെ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായ അമിതാഭ് താക്കൂർ ആണ് പരാതിയുമായി എത്തിയത്. ഉത്തർപ്രദേശിലെ ഗോമതി നഗറിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ആദ്യം പൊലീസിനെ സമീപിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാൽ, പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്ന് കോടതിയിൽ പരാതി ഫയൽ ചെയ്യേണ്ടിവന്നു. രണ്ട് പ്രധാന മതവിഭാഗങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുക എന്ന ഏക ലക്ഷ്യത്തോടെയാണ് ഈ എപ്പിസോഡ് നിർമിച്ചതെന്നും താക്കൂർ ആരോപിച്ചതായി ലൈവ് ലോ റിപ്പോർട്ട് ചെയ്തു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ‘എക്‌സി’ലും ‘യൂട്യൂബി’ലും വാർത്താ ചാനലിന്റെ അക്കൗണ്ടുകളിൽ ഈ എപ്പിസോഡ് ഹിന്ദിയിലെ അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്‌തതായി അദ്ദേഹം ഹരജിയിൽ ചൂണ്ടിക്കാണിച്ചു. ‘4 കോടി മുസ്‍ലിംകളിൽ 96 ലക്ഷം പേർ മാത്രമാണ് പാകിസ്താനിലേക്ക് പോയത്! ഇന്ത്യയുടെ വിഭജനത്തിന്റെ ഉദ്ദേശ്യം എന്തുകൊണ്ട് പൂർത്തീകരിക്കപ്പെട്ടില്ല’ എന്നായിരുന്നു അടിക്കുറിപ്പ്.
‘ഈ ഈ പരിപാടി ദേശീയോദ്ഗ്രഥനത്തിന് പൂർണമായും എതിരാണ്. വ്യത്യസ്ത രീതികളിൽ ജനങ്ങളെ പ്രകോപിപ്പിക്കുന്ന വിധത്തിൽ വസ്തുതകൾ അവതരിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ദേശ്യം വ്യക്തമായും ദുഷ്ടതയാണെന്നും’ അദ്ദേഹം ഹരജിയിൽ പറഞ്ഞു. എന്തുകൊണ്ടാണ് പാകിസ്താനിലേക്ക് പോകാതെ ഇന്ത്യയിൽ തന്നെ തുടർന്നത് എന്നതുപോലുള്ള ചോദ്യം മുസ്‍ലിംകളോട് എന്തുകൊണ്ടാണ് നിങ്ങൾ ഇവിടെത്തന്നെ നിൽക്കുന്നത് എന്ന് ചോദിക്കുന്നത് പോലെയാണെന്നും താക്കൂർ ആരോപിച്ചു. ഈ രീതിയിൽ വാക്യങ്ങൾ രൂപപ്പെടുത്തുന്നത് അസഹിഷ്ണുക്കളായവരെ ചരിത്രപരമായ ഒരു തിരുത്തൽ വരുത്തണം എന്ന തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചേക്കാമെന്നും അദ്ദേഹം വാദിച്ചതായി ലൈവ് ലോ റിപ്പോർട്ട് ചെയ്തു.
മതത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുന്നതും ഐക്യം നിലനിർത്തുന്നതിന് ദോഷകരമായ പ്രവൃത്തികൾ ചെയ്യുന്നതുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം നിർവചിച്ചിരിക്കുന്ന കുറ്റകൃത്യങ്ങളിൽ ഈ പരിപാടി ഉൾപ്പെട്ടിട്ടുണ്ടെന്ന് രാഷ്ട്രീയ പാർട്ടിയായ ‘ആസാദ് അധികാർ സേന’യുടെ നേതാവ് കൂടിയായ താക്കൂർ ആരോപിച്ചു. ദേശീയോദ്ഗ്രഥനത്തിന് ദോഷകരമായ ആരോപണങ്ങളും അവകാശവാദങ്ങളും പൊതു കുഴപ്പങ്ങൾക്ക് കാരണമാകുന്ന പ്രസ്താവനകളും സംബന്ധിച്ച വകുപ്പുകളും ബാധകമാണെന്ന് പരാതിക്കാരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

