തുർക്കുമാൻ ഗേറ്റിലെ അന്യായ അറസ്റ്റിൽ ഡൽഹി പൊലീസിന് കോടതി വിമർശനം
text_fieldsന്യൂഡൽഹി: തുർക്കുമാൻ ഗേറ്റിലെ ഫൈസെ ഇലാഹി പള്ളിക്ക് സമീപം ഇടിച്ചുനിരത്തൽ നടന്നപ്പോൾ കാഴ്ചക്കാരായി നിന്നവരെ കല്ലേറ് നടത്തിയ ആൾക്കൂട്ടത്തിന്‍റെ ഭാഗമാണെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുക്കാനാകില്ലെന്ന് ഡൽഹി ഹൈകോടതി. ആൾക്കൂട്ടത്തെ ഇളക്കിവിട്ടെന്ന് പൊലീസ് ആരോപിച്ച സാജിദ് ഇഖ്‌ബാലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ ജസ്റ്റിസ് പ്രതീക് ജലാന്‍റേതാണ് വാക്കാലുള്ള നിരീക്ഷണം. ഇദ്ദേഹം എന്താണ് ചെയ്തതെന്ന് തെളിയിക്കുന്ന വിഡിയോ ദൃശ്യങ്ങൾ കൃത്യമായ സമയം രേഖപ്പെടുത്തി തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. ഹരജിക്കാരൻ ആൾക്കൂട്ടത്തിന്‍റെ ഭാഗമാണെങ്കിൽപോലും അതിൽ അദ്ദേഹത്തിന്റെ പങ്ക് എന്തായിരുന്നുവെന്ന് നിർണയിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
സംഭവത്തിൽ ശക്തമായ ഗൂഢാലോചന ഉണ്ടോയെന്നാണ് അന്വേഷിക്കുന്നതെന്നും പ്രതി ബാരിക്കേഡുകൾ തള്ളിമാറ്റി ആൾക്കൂട്ടത്തെ ഇളക്കിവിടുകയാണ് ചെയ്തതെന്നും പൊലീസിന്‍റെ അഭിഭാഷകൻ ബോധിപ്പിച്ചു.
എന്നാൽ, സാജിദ് ഇഖ്‌ബാൽ അതുവഴി കടന്നുപോയ വ്യക്തിയാണെങ്കിൽ പൊലീസ് പറയുന്നത് ശരിയല്ലെന്നും സ്ഥലത്ത് നോക്കിനിന്നവരെയൊക്കെ പിടികൂടിയാൽ അതനുവദിക്കില്ലെന്നും കോടതി പറഞ്ഞു. ജനുവരി ആറിനും ഏഴിനും ഇടയിലുള്ള രാത്രിയാണ് രാംലീലാ മൈതാൻ പ്രദേശത്തെ പള്ളിക്ക് സമീപത്തെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്‍റെ ഭാഗമായി കെട്ടിടങ്ങൾ ഇടിച്ചുനിരത്തിയത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന കാരണത്താൽ വിചാരണ കോടതി ഇദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ജനുവരി 21ന് തള്ളിയിരുന്നു.
പള്ളി തകർക്കുന്നതെന്ന തെറ്റായ സന്ദേശം സമൂഹ മാധ്യമത്തിലൂടെ പ്രചരിച്ചതാണ് ആളുകൾ ഓടിക്കൂടാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. 200ഓളം പേർ തടിച്ചുകൂടുകയും കല്ലും കുപ്പിച്ചില്ലുകളും പൊലീസിന്‍റെയും എം.സി.ഡി ഉദ്യോഗസ്ഥരുടെയും നേർക്ക് എറിഞ്ഞു. ആറ് പൊലീസുകാർക്ക് പരിക്കേറ്റെന്നും പൊലീസ് ആരോപിച്ചു. കേസിൽ കോടതി അടുത്തയാഴ്ചയും വാദം കേൾക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

