എസ്.ഐ.ആറിൽനിന്ന് വെട്ടിമാറ്റിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് ട്രൈബ്യൂണലിൽ പോകാൻ കോടതി
text_fieldsന്യൂഡൽഹി: പശ്ചിമ ബംഗാളിൽ വോട്ടർ പട്ടികയിൽനിന്ന് വെട്ടിമാറ്റപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ ഹരജികൾ പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. വാദഗതികൾ ട്രൈബ്യൂണലിന് മുമ്പാകെ ഉന്നയിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തും, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, വിപുൽ എം. പഞ്ചോലി എന്നിവരും അടങ്ങുന്ന ബെഞ്ച് ഹരജിക്കാരോട് ആവശ്യപ്പെട്ടത്.
പരാതിക്കാർ വെവ്വേറെ സമർപ്പിച്ച രണ്ട് ഹരജികളിൽ ഒന്ന് ബംഗാളിലെ 65 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടേതാണ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പുറപ്പെടുവിച്ച ഉത്തരവിൽ ഇവരുടെ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിന്‍റെ നമ്പർ ഉണ്ടായിരുന്നെങ്കിലും പിന്നീടത് നീക്കംചെയ്തെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ ബോധിപ്പിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്തവർക്ക് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകാത്ത സ്ഥിതിയാണ് സംജാതമായതെന്നും, കാരണംകാണിക്കൽ നോട്ടീസ് പോലും നൽകാതെ സ്വേച്ഛാപരമായ നടപടിയാണ് ഉണ്ടായതെന്നും അഭിഭാഷകൻ വാദിച്ചു. ട്രൈബ്യൂണലിൽ അവർ അപ്പീൽ നൽകിയിട്ടുണ്ടെന്ന് അഭിഭാഷകൻ അറിയിച്ചപ്പോൾ ട്രൈബ്യൂണൽ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി മറുപടി നൽകി.
ട്രൈബ്യൂണലിനു മുമ്പാകെ അപ്പീലുകൾ സമർപ്പിച്ചവർക്ക് ബംഗാളിലെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുമതി നൽകണമെന്ന് കമീഷന് നിർദേശം നൽകണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. ബംഗാളിൽ ഒന്നാം ഘട്ടം വോട്ടെടുപ്പ് ഏപ്രിൽ 23ന് നടന്നു. രണ്ടാം ഘട്ടം ഏപ്രിൽ 29ന് നടക്കും. പട്ടികയിൽനിന്ന് പേര് വെട്ടിമാറ്റപ്പെട്ടവരുടെ അപ്പീലുകൾ ട്രൈബ്യൂണൽ അംഗീകരിച്ചിട്ടുണ്ടെങ്കിൽ അവരെ ഉൾപ്പെടുത്തി പുതുക്കിയ അനുബന്ധ വോട്ടർ പട്ടിക പുറത്തിറക്കണമെന്ന് സുപ്രീംകോടതി നേരത്തേ തെരഞ്ഞെടുപ്പ് കമീഷന് നിർദേശം നൽകിയിരുന്നു. അപ്പീലുകൾ പരിഗണിച്ച് അന്തിമ തീരുമാനമെടുക്കാൻ കൽക്കത്ത ഹൈകോടതി മുൻ ചീഫ് ജസ്റ്റിസുമാരും ജഡ്‍ജിമാരും അധ്യക്ഷരായ 19 ട്രൈബ്യൂണലുകളാണ് സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

