ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മയ്‌ക്കെതിരായ അധിക്ഷേപ പരാമർശം: കെജ്‌രിവാളിനും എ.എ.പി നേതാക്കൾക്കുമെതിരെ കോടതിയലക്ഷ്യ നടപടി
text_fieldsന്യൂഡൽഹി: ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് തനിക്കും കോടതിക്കും എതിരെ അപകീർത്തികരവും അവഹേളനപരവുമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രചരിപ്പിച്ചതിന് ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ, മുതിർന്ന നേതാക്കളായ സഞ്ജയ് സിങ്, മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ് തുടങ്ങിയവർക്കെതിരെ കോടതിലക്ഷ്യ നടപടികൾ ആരംഭിക്കുമെന്ന് ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ അറിയിച്ചു. നടപടികൾ ആരംഭിച്ചതിന് പിന്നാലെ മദ്യനയക്കേസ് കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് ശർമ പിന്മാറുകയും കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റാൻ ഉത്തരവിടുകയും ചെയ്തു. കോടതിയലക്ഷ്യ നടപടികൾ തുടങ്ങിയ സാഹചര്യത്തിൽ, കേസ് മറ്റൊരു ജഡ്ജി കേൾക്കുന്നതാണ് ഉചിതമെന്ന് കോടതി നിരീക്ഷിച്ചു.
തനിക്കെതിരെയും കോടതിക്കെതിരെയും അരവിന്ദ് കെജ്‌രിവാൾ നിയമതർക്കത്തെ കോടതിയിൽ നേരിടുന്നതിന് പകരം സമൂഹമാധ്യമത്തിലൂടെ ഒരു പൊതു പ്രചാരണമാക്കി മാറ്റിയെന്ന് കോടതി കുറ്റപ്പെടുത്തി. ഈ നീക്കം ഒരു ജഡ്ജിക്ക് നേരെയുള്ളത് മാത്രമല്ല, മറിച്ച് നീതിന്യായ വ്യവസ്ഥയെ തന്നെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും കോടതി പറഞ്ഞു.
തനിക്ക് പക്ഷപാതമുണ്ടെന്ന കെജ്‌രിവാളിന്റെ ആരോപണത്തെത്തുടർന്ന് കേസിൽ നിന്ന് പിന്മാറാൻ ജസ്റ്റിസ് ശർമ നേരത്തെ വിസമ്മതിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഏപ്രിൽ 27-ന് കെജ്‌രിവാൾ എക്‌സിൽ ഒരു വിഡിയോ പങ്കുവെക്കുകയും കോടതി നടപടികൾ ബഹിഷ്‌കരിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ജസ്റ്റിസ് ശർമയിൽ നിന്ന് നീതി ലഭിക്കുമെന്ന തന്റെ പ്രതീക്ഷകൾ തകർന്നുവെന്നായിരുന്നു കെജ്‌രിവാളിന്റെ വാദം.
കോടതിക്കുള്ളിൽ നിയമപരമായ വാദങ്ങൾ നടക്കുമ്പോൾ തന്നെ പുറത്ത് ഡിജിറ്റൽ കാമ്പയിനിലൂടെ സമാന്തരമായ ഒരു കഥ കെട്ടിപ്പടുക്കാനാണ് ശ്രമിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ജഡ്ജിയുടെ കുടുംബാംഗങ്ങളെപ്പോലും മനഃപൂർവം വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് അപമാനിക്കാൻ ശ്രമിച്ചുവെന്നും ജസ്റ്റിസ് ശർമ്മ ഒരു കോളജ് പരിപാടിയിൽ നടത്തിയ പ്രസംഗം സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി തെറ്റായ രീതിയിൽ പ്രചരിപ്പിച്ചത് നീതിന്യായ വ്യവസ്ഥയെക്കുറിച്ച് പൊതുജനങ്ങളിൽ തെറ്റായ ധാരണയുണ്ടാക്കാൻ കാരണമായെന്നും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

