മതം മാറ്റാൻ നിർബന്ധിച്ചുവെന്ന വ്യാജ കേസിൽ മുസ്‍ലിം യുവാവിനെ കോടതി വെറുതെ വിട്ടു; നിർണായകമായത് യുവതിയുടെ മൊഴി
text_fieldsഭോപ്പാൽ: മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ 26 കാരനായ സയ്യിദ് ഖാനെ ഭോപ്പാൽ സെഷൻസ് കോടതി വെറുതെവിട്ടു. നിർബന്ധിത മതപരിവർത്തനം, വഞ്ചന, സമ്മർദ്ദം എന്നിവ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ വിധി.
വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ട സയ്യിദ് ഖാനും പങ്കാളിയും 2025 ഫെബ്രുവരി ഏഴിന് മധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിൽ നിന്ന് ഭോപ്പാലിൽ എത്തി സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു.
എന്നാൽ ഭോപ്പാൽ ജില്ല കോടതിക്കുള്ളിൽവെച്ച് ഖാനെ ഒരുസംഘം അഭിഭാഷകർ മർദ്ദിക്കുകയാണുണ്ടായത്. തുടർന്ന് യുവതിയെ മതം മാറ്റാൻ നിർബന്ധിച്ചു എന്നാരോപിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഖാനും യുവതിയും അയൽക്കാരായിരുന്നു. പിന്നീട് സൗഹൃദത്തിലാവുകയും പ്രണയത്തിലാവുകയും ചെയ്തവരാണ്. എന്നാൽ യഥാർഥ മതം മറച്ചുവെച്ചെന്നും വ്യാജ പേര് ഉപയോഗിച്ചെന്നും യുവതിയെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചെന്നും കാണിച്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഈ കേസിൽ പരാതിക്കാരി കൂടിയായ യുവതി പോലീസിന്റെ ആരോപണങ്ങൾ പൂർണമായും തള്ളിക്കളഞ്ഞു.
സി.ആർ.പി.സി സെക്ഷൻ 164 പ്രകാരമുള്ള മൊഴിയിലും വിസ്താരവേളയിലും ഖാൻ തന്നെ ഭീഷണിപ്പെടുത്തുകയോ വഞ്ചിക്കുകയോ മതം മാറ്റാൻ നിർബന്ധിക്കുകയോ ചെയ്തിട്ടില്ലെന്ന് യുവതി കോടതിയെ അറിയിച്ചു.
തങ്ങൾ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും ഖാന്റെ മതത്തെക്കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്നും അവർ വ്യക്തമാക്കി. പൊലീസിന്റെ ഭാഗത്തുനിന്നുള്ള തെറ്റിധാരണകളും കുടുംബത്തിന്റെ സമ്മർദ്ദവുമാണ് ഇത്തരം പരാതികൾക്ക് കാരണമെന്നും യുവതി മൊഴി നൽകി.
ആരോപണങ്ങൾ തെളിയിക്കാനാവശ്യമായ ശക്തമായ തെളിവുകളോ സ്വതന്ത്ര സാക്ഷികളോ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. വെറും ആരോപണങ്ങൾ മാത്രം വെച്ച് ക്രിമിനൽ കുറ്റം തെളിയിക്കാൻ കഴിയില്ലെന്ന് നിരീക്ഷിച്ച കോടതി സയ്യിദ് ഖാനെ കുറ്റവിമുക്തനാക്കുകയായിരുന്നു.
സയ്യിദ് ഖാൻ ബി.ജെ.പിയുടെ ഭയപ്പെടുത്തൽ രാഷ്ട്രീയത്തിന്റെ ഇരയാണെന്ന് കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ഡോ. സയ്യിദ് നസീർ ഹുസൈൻ പ്രതികരിച്ചു. നിയമപരമായി വിവാഹം കഴിക്കാൻ ശ്രമിച്ച ഖാന് നേരിടേണ്ടിവന്നത് വലിയതോതിലുള്ള ആക്രമണങ്ങളും ഉപജീവനമാർഗ്ഗവും വീടും നഷ്ടപ്പെടുന്ന അവസ്ഥയുമാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
മധ്യപ്രദേശിൽ 2021 ജനുവരി ഏഴിന് നിലവിൽ വന്ന മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമപ്രകാരം വിവാഹം വഴിയുള്ള മതമാറ്റങ്ങളും ചതിയിലൂടെയുള്ള മാറ്റങ്ങളും നിരോധിച്ചിരിക്കുന്നു. കൂടാതെ, നിർബന്ധിത മതപരിവർത്തനം നടത്തുന്നവർക്ക് വധശിക്ഷ നൽകുന്ന നിയമം കൊണ്ടുവരുമെന്ന് 2025 മാർച്ചിൽ മുഖ്യമന്ത്രി മോഹൻ യാദവ് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

