മിശ്രവിവാഹം ചെയ്ത ദമ്പതികളെ കസ്റ്റഡിയിലെടുത്തു; യു.പി പൊലീസിന് അലഹബാദ് ഹൈകോടതി ശാസന
text_fieldsഅലഹബാദ്: മിശ്രവിവാഹിതരായ ദമ്പതികളെ കസ്റ്റഡിയിലെടുത്തതിന് ഉത്തർപ്രദേശ് പൊലീസിനെതിരെ അലഹബാദ് ഹൈകോടതിയുടെ ശാസന. പൊലീസ് നടപടി നിയമവിരുദ്ധമാണെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഉറപ്പുനൽകുന്ന അവരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ഹൈകോടതി പ്രസ്താവിച്ചു. ദമ്പതികളെ സുരക്ഷിതമായി അവർക്ക് ഇഷ്ടമുള്ള സ്ഥലത്തെത്തിക്കാൻ ഹൈക്കോടതി പൊലീസിന് നിർദേശം നൽകി.
ഹൈകോടതി ബെഞ്ച് വിധി പ്രസ്താവത്തിൽ മുസ്‍ലിമായ പുരുഷനെയും ഹിന്ദു സ്ത്രീയെയും വിട്ടയക്കാനാണ് ഉത്തരവിട്ടത്. ഈ ആഴ്ച കോടതിയിൽ നടന്ന വിചാരണയ്ക്ക് ശേഷം ദമ്പതികളെ കാണാനില്ലായിരുന്നു. തുടർന്ന് പൊലീസ് അന്വേഷിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.ജസ്റ്റിസ് സലിൽ കുമാർ റായിയും ജസ്റ്റിസ് ദിവേഷ് ചന്ദ്ര സാമന്തും പ്രവൃത്തിദിനമല്ലാതിരുന്നിട്ടും ശനിയാഴ്ച കേസ് പരിഗണിക്കുകയായിരുന്നു. കേസിൽപറയപ്പെടുന്ന പുരുഷന്റെ സഹോദരൻ ഹേബിയസ് കോർപസ് ഹരജി സമർപ്പിച്ചതിനെ തുടർന്നാണ് വാദം കേട്ടത്. ദമ്പതികളെ പൊലീസ് സംരക്ഷണത്തിൽ അലീഗഡിലേക്ക് കൊണ്ടുപോകാനും അവരുടെ പൊലീസ് സംരക്ഷണം തുടരാനും കോടതി ഉത്തരവിട്ടു.
ദമ്പതികളുടെ സുരക്ഷ ഉറപ്പാക്കാനും പുറത്തുനിന്നുള്ള ഇടപെടലുകൾ തടയാനും പ്രയാഗ്‌രാജ് പൊലീസ് കമീഷണർ, അലീഗഢ്, ബറേലി എസ്.പിമാർ എന്നിവരോട് കോടതി ഉത്തരവിട്ടു. സ്ത്രീ പ്രായപൂർത്തിയായതിനാൽ പൊലീസ് കസ്റ്റഡിയിൽ എടുക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. ദമ്പതികളെ കസ്റ്റഡിയിലെടുക്കുന്നത് അവരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ബെഞ്ച് വിധിച്ചു.
സെപ്റ്റംബർ 27 ന് അലീഗഢിലെ പൊലീസ് സ്റ്റേഷനിൽ സ്ത്രീയുടെ പിതാവ് എഫ്.ഐ.ആർ ഫയൽ ചെയ്തതോടെയാണ് കേസ് പുറത്തുവന്നത്. ദീപാവലി അവധിക്കാലത്ത് കോടതി പ്രത്യേക വാദം കേൾക്കുകയായിരുന്നു. നേരത്തെ, ഒക്ടോബർ 17 ന്, ഒരു ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുമ്പോൾ, ദമ്പതികളെ കോടതിയിൽ ഹാജരാക്കാൻ കോടതി ഉത്തർപ്രദേശ് സർക്കാരിനോട് ഉത്തരവിട്ടിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് തങ്ങൾ വിവാഹം കഴിച്ചതെന്നും ആരുടെയും സമ്മർദ്ദത്തിന് വിധേയമല്ലെന്നും ദമ്പതികൾ കോടതിയിൽ പ്രസ്താവിച്ചു.
പെൺകുട്ടി പ്രായപൂർത്തിയായതിനാൽ അവൾക്ക് ഇഷ്ടമുള്ള ആരുമായും ജീവിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കി കോടതി സർക്കാറിന്റെ വാദം പൂർണമായും തള്ളി. സാമൂഹിക സംഘർഷം ഭയന്ന് അവരുടെ സ്വാതന്ത്ര്യം ലംഘിക്കാൻ കഴിയില്ല. കേസ് നവംബർ 28 ന് കോടതി അടുത്തതായി പരിഗണിക്കും. അന്വേഷണ റിപ്പോർട്ടുമായി അലീഗഢ് എസ്.പിയോട് ഹാജരാകാൻ കോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

