ടോൾ പ്ലാസയിലേക്ക് തെറ്റായ ദിശയിൽ വാഹനമോടിച്ചു; ദമ്പതികൾക്ക് മർദനം
text_fieldsചണ്ഡീഗഡ്: ഹരിയാനയിൽ ടോൾ പ്ലാസയിലേക്ക് തെറ്റായ ദിശയിൽ വന്നതിന് ദമ്പതികൾക്ക് മർദനം. സോനിപത്തിലെ മുർത്താൽ ടോൾ പ്ലാസയിലാണ് സംഭവം. ശരിയായ ദിശയിലേക്ക് മടങ്ങാൻ ജീവനക്കാർ ആവശ്യപ്പെട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് ദമ്പതികളെ മർദിച്ചത്.
സംഭവത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യുവതിയെ ജീവനക്കാർ മുടിയിൽ പിടിച്ച് വലിച്ച് മുഖത്ത് അടിക്കുന്നതും ജീവനക്കാരെ യുവതി തിരിച്ചടിക്കുന്നതും വിഡിയോയിൽ കാണാം. കാറിലുണ്ടായിരുന്നവർ തെറ്റായ ദിശയിലാണ് വാഹനമോടിച്ചതെന്നും തടയാൻ ശ്രമിച്ചപ്പോൾ മോശമായി പെരുമാറിയെന്നും ടോൾ പ്ലാസ ജീവനക്കാർ പറയുന്നു. ഇരുവരും മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും ജീവനക്കാർ ആരോപിച്ചു.
കാർ ഡ്രൈവർ തെറ്റ് സമ്മതിച്ചതിനെ തുടർന്നാണ് പ്രശ്നം ഒത്തുതീർപ്പാക്കിയതെന്ന് ടോൾ പ്ലാസ അധികൃതർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട പരാതിയിൽ ടോൾ പ്ലാസയിലെ ഏഴ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു