ജാർഖണ്ഡിൽ മകളെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ
text_fieldsറാഞ്ചി: 17കാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. ജാർഖണ്ഡിലെ രാംഗഡ് ജില്ലയിലാണ് സംഭവം. സുനിൽ മഹ്തോ ഭാര്യ പുനം ദേവി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മകൾ ഫിക്സഡ് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് അറിയിച്ചു.
ഖുഷി കുമാരിയെ ജനുവരി 13ന് വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് പിതാവും രണ്ടാനമ്മയും ചേർന്ന് സഹോദരിയെ കൊലപ്പെടുത്തി മൃതദേഹം കെട്ടിത്തൂക്കിയെന്ന് ആരോപിച്ച് ഖുഷി കുമാരിയുടെ സഹോദരൻ ഭദാനിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
കാലാവധി പൂർത്തിയാകാറായ ഒരു ബാങ്ക് അകൗണ്ടിൽ ഖുഷിക്ക് 6 ലക്ഷം രൂപ സ്ഥിരനിക്ഷേപം ഉണ്ടായിരുന്നു. സഹോദരന്റെ പരാതിയെ തുടർന്ന് സുനിൽ മഹ്തോയെയും ഭാര്യ പുനം ദേവിയെയും പൊലീസ് അറസ്റ്റ് ചെയ്തതായി സബ് ഡിവിഷണൽ പൊലീസ് ഓഫിസർ അറിയിച്ചു. ദമ്പതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ഗ്രാമീണർ പൊലീസ് സ്റ്റേഷന് പുറത്ത് പ്രകടനം നടത്തിയിരുന്നു.

