ദമ്പതികളും മൂന്ന് പരിചാരകരും വീട്ടിൽ അബോധാവസ്ഥയിൽ; കവർച്ചയെന്ന് സംശയം
text_fieldsഗുരുഗ്രാം: ദമ്പതികളെയും മൂന്ന് പരിചാരകരെയും വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തി. ഗുരുഗ്രാമിലെ ശിവജി നഗറിൽ വ്യവസായിയും അഭിഭാഷകനുമായ മഹേഷ് രാഘവിന്റെ വീട്ടിലാണ് സംഭവം. അഞ്ചുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അവരുടെ നില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ ഒരു പാചകക്കാരനെ കാണാതായിട്ടുണ്ട്. മോഷണശ്രമമാണെന്നാണ് പ്രാഥമിക നിഗമനം.
വീട്ടിലെ സിസിടിവി ക്യാമറകളുടെ ഡിജിറ്റൽ വിഡിയോ റെക്കോർഡറുകൾ കാണാതായിട്ടുണ്ട്. മുറികളിലെ വാർഡ്രോബ് തുറന്ന നിലയിൽ കണ്ടെത്തിയതിനാൽ വിലപിടിപ്പുള്ള സാധനങ്ങൾ കവർന്നിട്ടുണ്ടാകാമെന്നാണ് പൊലീസ് അനുമാനിക്കുന്നത്.
വൈകീട്ടോടെ രാഘവിന് ബോധം വന്നതായും പാചകക്കാരന്റെ പങ്കിനെക്കുറിച്ച് സംശയം ഉയർന്നതായും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഏജൻസി വഴിയാണ് പാചകക്കാരനെ നിയമിച്ചത്.
ഉത്തരാഖണ്ഡ് സ്വദേശിയായ പാചകക്കാരൻ മാർച്ച് മൂന്ന് മുതൽ ഇവരുടെ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു. ഇയാളുണ്ടാക്കിയ ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് അഞ്ച് പേരും ബോധരഹിതരായതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.