‘രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി അതീവ അപകടകാരി, അദ്ദേഹത്തിന്റെ ഒരു കണ്ണിൽ ദുര്യോധനനും മറു കണ്ണിൽ ദുശ്ശാസനനും’ -മമത
text_fieldsകൊൽക്കത്ത: രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി അപകടകാരിയാണെന്നും നിങ്ങൾക്ക് അത് അദ്ദേഹത്തിന്റെ കണ്ണുകളിൽ കാണാൻ കഴിയുമെന്നും ജനങ്ങളോട് തൃണമൂൽ നേതാവ് മമത ബാനർജി. ‘അത് ഭയാനകമാണ്. ഒരു കണ്ണിൽ നിങ്ങൾക്ക് ദുര്യോധനനെയും മറുകണ്ണിൽ ദുശ്ശാസനനെയും കാണാം’ - കൃഷ്ണനഗറിൽ നടന്ന ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മമത.
ആദ്യം കൊൽക്കത്തയിൽ നടന്ന ഗീതാ പാരായണത്തിനിടെ സ്ഥലത്തെ രണ്ട് ഭക്ഷണ വിൽപനക്കാർക്കു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ചും പിന്നീട് വോട്ടർ പട്ടികയുടെ പുനഃരവലോകനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ലക്ഷ്യം വെച്ചുമാണ് പ്രസംഗം ആരംഭിച്ചത്. പിന്നീടത് മുന്നറിയിപ്പിലേക്കു മാറി. സ്വന്തം എണ്ണൽ ഫോം പൂരിപ്പിച്ചിട്ടില്ലെന്നും കലാപകാരികളുടെ ഒരു പാർട്ടിക്ക് മുന്നിൽ എന്റെ പൗരത്വം തെളിയിക്കേണ്ടതുണ്ടോ എന്നും അവർ തുറന്നടിച്ചു.
‘എനിക്ക് വർഗീയ വിഭജനങ്ങളിൽ വിശ്വാസമില്ല. എല്ലാ മതങ്ങളോടൊപ്പവും സഞ്ചരിക്കണം. ഗീത വായിക്കാൻ വേണ്ടി മാത്രം പൊതുയോഗം നടത്തേണ്ടതിന്റെ ആവശ്യകത എന്താണ്? ദൈവത്തോട് പ്രാർഥിക്കുന്നവരോ അല്ലാഹുവിൽനിന്ന് അനുഗ്രഹം തേടുന്നവരോ, ആരുമാവട്ടെ ഹൃദയത്തിലാണത് ചെയ്യുന്നത്. രാഷ്ട്രീയ നേട്ടത്തിനായി ഗീത ചൊല്ലിക്കൊണ്ടിരിക്കുന്നവരോട് ഞാൻ ചോദിക്കട്ടെ. ശ്രീകൃഷ്ണൻ ധർമ്മത്തെക്കുറിച്ച് എന്താണ് പറഞ്ഞത്? ധർമം എന്നാൽ ഉന്നതമാക്കലാണ്. വിഭജിക്കലല്ല’ എന്നും അവർ പറഞ്ഞു.
ഡിസംബർ 7 ന് നടന്ന ‘പാഞ്ച് ലോഖോ കൊന്തേ ഗീത പാത്’ പരിപാടിയിലെ അക്രമത്തെ അവർ രൂക്ഷമായി വിമർശിച്ചു. ‘ഇത് ഉത്തർപ്രദേശല്ല, പശ്ചിമ ബംഗാളാണ്. അവർ ഭക്ഷണ വിൽപനക്കാരെ മർദിച്ചു. ഇന്നലെ രാത്രി ഞങ്ങൾ എല്ലാവരെയും അറസ്റ്റ് ചെയ്തു. സംസ്ഥാനത്തിന്റെ സാമൂഹിക ഘടനയിലേക്ക് ഭിന്നത ഇറക്കുമതി ചെയ്യാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്നും’ മമത ആരോപിച്ചു.
‘കേന്ദ്രം ബംഗാളികളെ ലക്ഷ്യം വെച്ചുള്ള നീക്കമാണ് നടത്തുന്നത്. എല്ലാ ബംഗാളികളെയും ബംഗ്ലാദേശികളായി മുദ്രകുത്തി തടങ്കൽപ്പാളയങ്ങളിലേക്ക് അയക്കാൻ എന്തും ചെയ്യാൻ കഴിയുന്ന ഒരു കേന്ദ്ര ആഭ്യന്തരമന്ത്രി നമുക്കുണ്ട്. എന്നാൽ, ആരെയും പശ്ചിമ ബംഗാളിൽ നിന്ന് പുറത്താക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഒരാളെ നിർബന്ധിച്ച് പുറത്താക്കിയാൽ എങ്ങനെ തിരികെ കൊണ്ടുവരണമെന്ന് ഞങ്ങൾക്ക് നന്നായി അറിയാമെന്നും’ മമത മുന്നറിയിപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

