രാജ്യത്തെ ആദ്യ ആർ.ആർ.ടി.എസ് മെട്രോ ഡൽഹി-മീററ്റ് റൂട്ടിൽ തുടങ്ങി
text_fieldsന്യൂഡൽഹി: കേരളത്തിന് കേന്ദ്ര സർക്കാർ നിർദേശിച്ച, റീജനൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർ.ആർ.ടി.എസ്) മാതൃകയിൽ ആരംഭിച്ച ഡൽഹി - മീററ്റ് മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ പ്രവർത്തിക്കുന്ന മീററ്റ് മെട്രോ രാജ്യത്തെ ഏറ്റവും വേഗമേറിയ മെട്രോ സർവിസാണ്. ശതാബ്ദി നഗർ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ‘നമോ ഭാരത്’ എന്ന് പേരിട്ട, 82 കിലോമീറ്റർ നീളമുള്ള ഡൽഹി-മീററ്റ് റാപ്പിഡ് റെയിൽ സർവിസ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.
ഡൽഹി-മീററ്റ് യാത്രാസമയം 55 മിനിറ്റായി കുറക്കുന്ന ഡൽഹി-ഗാസിയാബാദ്-മീററ്റ് ‘നമോ ഭാരത്’ ഇടനാഴി ആർ.ആർ.ടി.എസ് ഉപയോഗപ്പെടുത്തുന്ന രാജ്യത്തെ ആദ്യത്തെ പദ്ധതിയാണ്. ഡൽഹിയിലെ സരായ് കാലെ ഖാൻ മുതൽ ഉത്തർപ്രദേശിലെ മോദിപുരം വരെയാണിത്. മീററ്റ് നഗരത്തിനുള്ളിൽ സർവിസ് നടത്തുന്ന 23 കിലോമീറ്റർ ദൈർഘ്യമുള്ള മീററ്റ് മെേട്രാ, നമോ ഭാരത് റാപ്പിഡ് റെയിലിന്റെ ട്രാക്കുകളും അടിസ്ഥാന സൗകര്യങ്ങളും പങ്കിടും. മീററ്റ് സൗത്ത്, ശതാബ്ദി നഗർ, ബേഗുമ്പുൾ, മോദിപുരം എന്നിവിടങ്ങളിൽ നമോഭാരത്, മീററ്റ് മെട്രോ ട്രെയിനുകളുടെ സേവനം ഉണ്ടാകും.
പ്രവൃത്തിദിവസങ്ങളിലും ശനിയാഴ്ചകളിലും രാവിലെ ആറു മുതൽ രാത്രി 10 വരെയും, ഞായറാഴ്ചകളിൽ രാവിലെ എട്ടു മുതൽ രാത്രി 10 വരെയും മെട്രോ പ്രവർത്തിക്കും. ഒരു ടിക്കറ്റ് ഉപയോഗിച്ച് നമോ ഭാരത്, മീററ്റ് മെട്രോ എന്നിവയിൽ യാത്ര ചെയ്യാം.
16 കിലോമീറ്റർ മേൽപ്പാതയും ഏഴ് കിലോമീറ്റർ ഭൂഗർഭ പാതയുമാണ്. മീററ്റ് സൗത്ത്, പാർടപൂർ, റിത്താനി, ശതാബ്ദി നഗർ, ബ്രഹ്മപുരി, എം.ഇ.എസ് കോളനി, ദൗർളി, മീററ്റ് നോർത്ത്, മോദിപുരം, മീററ്റ് സെൻട്രൽ, വൈശാലി, ബേഗുമ്പുൾ എന്നിങ്ങനെ ആകെ 13 സ്റ്റേഷനുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

