നന്ദിഗ്രാമും മധുരാന്തകവും അടക്കം ആറ് നിർണായക ഉപതെരഞ്ഞെടുപ്പുകൾ; വോട്ടെണ്ണൽ തുടങ്ങി
text_fieldsന്യൂഡൽഹി: തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ആരംഭിച്ചു. ഫലങ്ങൾ ഉടൻ പുറത്തുവരും. നടൻ വിജയ്ടെ താരപ്രഭയുടെ ആദ്യ പരീക്ഷണം മുതൽ, ബി.ജെ.പിയുടെ മുന്നേറ്റവും തൃണമൂൽ കോൺഗ്രസിലെ ഭിന്നതയും വഴിമാറിയ പശ്ചിമ ബംഗാൾ രാഷ്ട്രീയ സാഹചര്യവും, അസമിലെ നാഗോൺ ലോക്‌സഭാ പോരാട്ടവും ഉൾപ്പെടെയുള്ളവ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നവയാണ്.
തമിഴ്‌നാട് പരീക്ഷണം
മധുരാന്തകം, ധാരാപുരം നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം വിജയ്ന്റെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാരിന്റെ ആദ്യ ജനവിധി പരിശോധനയാകും. നിയമസഭാ തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷമായ 118 സീറ്റുകളിൽനിന്ന് അല്പം താഴെ 108 സീറ്റുകൾ നേടി അധികാരത്തിൽവന്ന ടി.വി.കെക്ക് ഈ തെരഞ്ഞെടുപ്പുകൾ അതീവ നിർണായകമാണ്.
കഴിഞ്ഞ ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ എഐഡിഎംകെ വിജയിച്ച ഈ രണ്ട് സീറ്റുകളിലെയും എംഎൽഎമാർ പിന്നീട് ടിവിഎക്കിലേക്ക് കൂറുമാറുകയായിരുന്നു.തങ്ങളുടെ സ്വാധീനം തിരിച്ചുപിടിക്കാൻ എ.ഐ.ഡി.എം.കെയും തിരിച്ചുവരവിന് എം.കെ. സ്റ്റാലിന്റെ ഡി.എം.കെയും കടുത്ത പോരാട്ടത്തിലാണ്.
ബംഗാൾ പോരാട്ടം
കിഴക്കൻ മേദിനിപൂർ ജില്ലയിലെ നന്ദിഗ്രാം, മുർഷിദാബാദ് ജില്ലയിലെ രെജിനഗർ എന്നീ മണ്ഡലങ്ങളിലാണ് പശ്ചിമ ബംഗാളിൽ വോട്ടെണ്ണൽ നടക്കുന്നത്. കനത്ത സുരക്ഷാ സന്നാഹങ്ങളിലാണ് ഇവിടെ വോട്ടെടുപ്പ് നടന്നത്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 15 വർഷം നീണ്ട തൃണമൂൽ കോൺഗ്രസ് ഭരണത്തിന് ശേഷം ബി.ജെ.പി അധികാരത്തിൽ വന്ന ശേഷമുള്ള പ്രകടനവും, ടി.എം.സിയിലെ പിളർപ്പും നിരവധി രാഷ്ട്രീയ ഗ്രൂപ്പുകളുടെ സാന്നിധ്യവും പശ്ചാത്തലമാക്കിയുള്ള പ്രതിപക്ഷ നിരയുടെ സ്വഭാവവും ഈ ഫലത്തിലൂടെ വ്യക്തമാകും.
ശ്രദ്ധിക്കപ്പെടുന്ന നന്ദിഗ്രാം മത്സരത്തിൽ, മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി സഞ്ചിത പ്രധാൻ ദേ അവസാന നിമിഷം പത്രിക പിൻവലിച്ചത് ഏറെ ചർച്ചയായിരുന്നു. മേയ് ആറിന് മധ്യമഗ്രാമത്തിൽ കൊല്ലപ്പെട്ട മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന അന്തരിച്ച ചന്ദ്രനാഥ് റാത്തിന്റെ മാതാവാണ് സഞ്ചിത പ്രധാൻ ദേ. ബി.ജെ.പിയുടെ ഹസിറാനി റാഥും, മമതയുടെ വിഭാഗത്തിന്റെ പിന്തുണയുള്ള കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാനുമാണ് മത്സരരംഗത്തുള്ളത്. റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള മറ്റൊരു ടിഎംസി പക്ഷവും മത്സരത്തിലുണ്ട്.
ഭൂരിപക്ഷം വരുന്ന മുസ്‍ലിം വോട്ടുകൾ ടിഎംസിയുടെ പ്രധാന അടിത്തറയായതിനാൽ, ഉപതെരഞ്ഞെടുപ്പുകളെ ന്യൂനപക്ഷങ്ങൾക്കായുള്ള പരീക്ഷ എന്നാണ് മുഖ്യമന്ത്രി സുവേന്ദു അധികാരി വിശേഷിപ്പിച്ചത്. ഇത് പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു.
അസം പോരാട്ടം
അസമിലെ നാഗോൺ ലോക്‌സഭാ മണ്ഡലത്തിലെ ഹൈവോൾട്ടേജ് മത്സരത്തിന്റെ ഫലവും ഇന്ന് പുറത്തുവരും. കോൺഗ്രസ് ദിഗ്ഗജൻ പ്രദ്യുത് ബോർഡോലോയ് ബി.ജെ.പിയിലേക്ക് കൂറുമാറി സീറ്റ് ഒഴിഞ്ഞതിനെ തുടർന്നാണ് നാഗോണിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.ബിജെപിയെ പ്രതിനിധീകരിച്ച് മുൻ ഡെപ്യൂട്ടി കമ്മീഷണർ ദേബാശിഷ് ശർമ്മ, കോൺഗ്രസിന് വേണ്ടി മുൻ എം.എൽ.എ സിബമോണി ബോറ, 2024 ലെ തെരഞ്ഞെടുപ്പിൽ ദുബ്രിയിൽ കോൺഗ്രസിന്റെ റകീബുൽ ഹുസൈനോട് പരാജയപ്പെട്ടതിന് ശേഷം തിരിച്ചുവരവിനായി ശ്രമിക്കുന്ന എ.ഐ.യു.ഡി.എഫ് അധ്യക്ഷൻ ബദ്റുദ്ദീൻ അജ്മൽ എന്നിവർ തമ്മിലാണ് ഇവിടെ ശക്തമായ ത്രികോണ മത്സരം നടക്കുന്നത്.
ഇതിനുപുറമേ, പുതുച്ചേരിയിലെ തത്തഞ്ചാവടി നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണലും നടക്കുന്നുണ്ട്. മുഖ്യമന്ത്രി എൻ. രംഗസാമി മംഗലം മണ്ഡലം നിലനിർത്താനായി ഒഴിഞ്ഞുകൊടുത്തതിനെ തുടർന്നാണ് ഈ സീറ്റ് ഒഴിവ് വന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

