ഇന്ത്യയിൽ ഇതാദ്യമായി കോവിഡ് രോഗികളേക്കാൾ കൂടുതൽ രോഗമുക്തർ
text_fieldsന്യൂഡൽഹി: കോവിഡ് പടർന്നുപിടിക്കുന്നതിനിടയിലും ഇന്ത്യക്ക് ആശ്വാസമായി കണക്കുകൾ. ഇന്ത്യയിൽ നിലവിൽ കോവിഡ് കേസുകളേക്കാൾ കൂടുതൽ രോഗമുക്തരായവരാണുള്ളത്. ആകെ 2,76,583 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ നിലവിൽ രോഗികളായി തുടരുന്നവർ 1,33,632 എണ്ണമാണ്. എന്നാൽ 1,35,206 പേർ രോഗമുക്തരായി. ഇന്ത്യയിൽ രോഗമുക്തരുടെ എണ്ണം രോഗികളേക്കാൾ കൂടുതലാകുന്നത് ഇതാദ്യമായാണ്. 7754പേരാണ് ഇതുവരെ ഇന്ത്യയിൽ മരണമടഞ്ഞത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 279 പേർ കോവിഡ് ബാധിച്ച് മരിക്കുകയും 9,985 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. 90,787 പേർക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയെയാണ് കോവിഡ് മോശമായി ബാധിച്ചത്. 34,914 കോവിഡ് ബാധിതരുള്ള തമിഴ്നാടാണ് തൊട്ടുപുറകിൽ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിെൻറ (ഐ.സി.എം.ആർ) കണക്കനുസരിച്ച് 24 മണിക്കൂറിനുള്ളിൽ 1,45,216 സാമ്പിളുകളാണ് പരിശോധിച്ചത്. 50,61,332 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചിട്ടുണ്ട്.
77 ദിവസത്തെ ലോക്ഡൗണിനുശേഷം സർക്കാർ ഓഫിസുകളും മാളുകളും റസ്റ്റാറൻറുകളും ആരാധനാലയങ്ങളും തുറക്കുകയും ജനജീവിതം സാധാരണ നിലയിലാവുകയും ചെയ്ത സാഹചര്യത്തിൽ രോഗവ്യാപനം രൂക്ഷമായത് ആശങ്കസൃഷ്ടിച്ചിരുന്നു. ഹരിയാന, ഒഡിഷ, അസം, ബിഹാർ, ജമ്മു-കശ്മീർ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളാണ് ഇപ്പോൾ രോഗവ്യാപനത്തിെൻറ ഹോട്സ്പോട്ടുകൾ. യു.എസ്, ബ്രസീൽ, റഷ്യ, യു.കെ എന്നീ രാജ്യങ്ങൾക്ക് പുറകെ അഞ്ചാം സ്ഥാനത്താണിപ്പോൾ ഇന്ത്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
