ന്യൂഡൽഹി: രാജ്യത്ത് ലക്ഷം കോവിഡ് കേസുകൾ തികയുന്ന എട്ടാമത് സംസ്ഥാനമായി ബിഹാർ. ശനിയാഴ്ച 3536 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 1,01,906 ആയിരിക്കുകയാണ്. 15 പേർ കൂടി മരിച്ചതോടെ ആകെ മരണം 515 ആയി ഉയർന്നു.
മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, ഡൽഹി, യു.പി, പശ്ചിമ ബംഗാൾ എന്നിവയാണ് ഒരു ലക്ഷത്തിലേറെ രോഗികളുള്ള മറ്റ് സംസ്ഥാനങ്ങൾ.
ഏറ്റവും കൂടുതൽ രോഗികളുള്ള മഹാരാഷ്ട്രയിൽ ശനിയാഴ്ച ഒരു മന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സഹകരണ മന്ത്രി ബാലാസാഹിബ് പാട്ടീലിനാണ് കോവിഡ്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൻ.സി.പി നേതാവ് കൂടിയായ മന്ത്രിക്ക് വെള്ളിയാഴ്ച രാത്രിയാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് പാർട്ടി വാർത്താകുറിപ്പിൽ അറിയിച്ചു.
നേരത്തെ, മന്ത്രിമാരായ അശോക് ചവാൻ, അസ്ലം ശൈഖ്, ജിതേന്ദ്ര അവാദ്, ധനഞ്ജയ് മുണ്ഡെ, സഞ്ജയ് ബൻസോദ്, അബ്ദുൽ സത്താർ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.