വ്രതമനുഷ്ഠിച്ച് ക്ഷേത്രങ്ങളും ഗുരുദ്വാരകളും അണുവിമുക്തമാക്കി ഇമ്രാന സെയ്ഫി
text_fieldsന്യൂഡൽഹി: നെഹ്റുവിഹാറിലെ നവ ദുർഗ ക്ഷേത്രത്തിൽ ബുർഖ ധരിച്ചെത്തിയ 32കാരിയെ കണ്ട് ആദ്യം എല്ലാവരും ഒന്നമ്പരന്നു. പ്രദേശം അണുവിമുക്തമാക്കുന്നതിനുള്ള ഉപകരണമെടുത്ത് പതുക്കെ പരിസരപ്രദേശങ്ങളെല്ലാം അവർ വൃത്തിയാക്കി തുടങ്ങി.
'കൊറോണ വാരിയേഴ്സ്' എന്ന ഗ്രൂപ്പിന് നേതൃത്വം വഹിക്കുന്ന ഇമ്രാന സൈഫി ദിവസങ്ങളായി പ്രദേശം മുഴുവൻ അണുവിമുക്തമാക്കുന്ന ജോലിയിലാണ്. പള്ളിയെന്നോ അമ്പലമെന്നോ ഗുരുദ്വാരയെന്നോ ഉള്ള വ്യത്യാസമില്ലാതെ ഈ റംസാൻ നോമ്പുകാലത്തും രാവിലെ മുതൽ ഇമ്രാന ജോലി തുടങ്ങും. രണ്ട് മാസം മുൻപ് വരെ സമുദായ ലഹളയുണ്ടായ നോർത്ത് ഡൽഹിയിൽ നിന്നാണ് ആഹ്ലാദകരമയ ഈ ദൃശ്യം.
ഇമ്രാനക്ക് ഏഴാം ക്ലാസ് വരെ പഠിക്കാനെ കഴിഞ്ഞുള്ളുവെങ്കിലും മനുഷ്യനന്മയുടെ ഏറ്റവും ഉദാത്തമായ മാതൃകയായാണ് ഇവർ ഇപ്പോൾ വാഴ്ത്തപ്പെടുന്നത്. ഫെബ്രുവരിയിൽ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ ഭാഗമായി ചിലർ കലാപം അഴിച്ചുവിട്ടപ്പോഴും ജാതിമതഭേദമന്യേ ഏവരേയും സഹായിക്കാൻ സന്നദ്ധയായി ഇമ്രാന ഓടിനടന്നു.
കോവിഡ് 19 ബാധയുണ്ടായപ്പോൾ 'കോവിഡ് വാരിയേഴ്സ്' എന്ന പേരിൽ പ്രദേശത്തെ ചില സ്ത്രീകളുടെ കൂട്ടായ്മയുണ്ടാക്കിയാണ് ഇമ്രാനയുടെ പ്രവർത്തനം. 'മതേതരത്വത്തിന്‍റെ സന്ദേശം ഉയർത്തിപ്പിടിച്ചാണ് ഞാൻ പ്രവർത്തിക്കുന്നത്. നാം ഒറ്റക്കെട്ടാണ് എന്ന സന്ദേശം എല്ലാവരിലും എത്തിക്കാനാണ് എളിയ ശ്രമം. ക്ഷേത്രത്തിലെ പൂജാരിമാരോ അധികൃതരോ എന്നെ തടയാൻ ശ്രമിച്ചില്ല. ജോലിയിൽ ഒരു ബുദ്ധിമുട്ടും ഇതുവരെ നേരിട്ടിട്ടില്ല- ഇമ്രാന പറഞ്ഞു.
പ്ലംബറായ ഭർത്താവ് നിയാമത്ത് അലിയും ഭാര്യയുടെ എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണയാണ് നൽകുന്നത്. മൂന്ന് കുട്ടികളുടെ മാതാവായ ഇമ്രാന വീട്ടുജോലികളെല്ലാം തീർത്താണ് സാമൂഹ്യസേവനത്തിന് സമയം കണ്ടെത്തുന്നത്. റംസാൻ വ്രതത്തിനിടയിലും മറ്റുള്ളവരെ സഹായിക്കാൻ ഇവർ സമയം കണ്ടെത്തുന്നു.
കോവിഡെന്ന മഹാമാരി സമുദായങ്ങൾ തമ്മിലുള്ള അകലം കുറക്കുമെന്നാണ് ഇമ്രാനയുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
