ഗാസിയാബാദിലെ സഹോദരിമാരുടെ ആത്മഹത്യ; പിതാവ് വിറ്റ ഫോൺ കണ്ടെത്തി
text_fieldsഗാസിയാബാദിൽ ആത്മഹത്യ ചെയ്ത മൂന്ന് സഹോദരിമാരുടെ പിതാവ് വിറ്റ ഫോൺ കണ്ടെടുത്ത് പൊലീസ്. സംഭവത്തിന് രണ്ടാഴ്ച മുമ്പ് വിറ്റ മൊബൈൽ ഫോണാണ് പൊലീസ് കണ്ടെടുത്തത്. ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. കുട്ടികളുടെ ആത്മഹത്യ ഏതെങ്കിലും ടാസ്‌ക് അധിഷ്ഠിത ഓൺലൈൻ കൊറിയൻ ഗെയിമുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ അതിന്റെ ഡാറ്റ വീണ്ടെടുക്കേണ്ടത് അത്യാവശ്യമാണെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ നിമിഷ് പാട്ടീൽ പി.ടി.ഐയോട് പറഞ്ഞു.
ഫെബ്രുവരി നാലിനാണ് സഹോദരിമാരായ നിഷിക (16), പ്രാചി (14), പഖി (12) എന്നിവർ അവർ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. കുട്ടികൾ മൂന്ന് വർഷത്തോളമായി കൊറിയൻ ഗെയിം കളിക്കുന്നുണ്ടെന്നും അതിനുശേഷം സ്കൂളിൽ പോയിട്ടില്ലെന്നുമാണ് പിതാവ് ചേതൻ കുമാർ അവകാശപ്പെട്ടത്.
പെൺകുട്ടികൾ കൊറിയൻ ടാസ്‌ക് അധിഷ്ഠിത ആപ്പ് ഉപയോഗിച്ചതായി പ്രാഥമിക അന്വേഷണങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മൂന്ന് സഹോദരിമാരുടെ മുറിയിൽ നിന്ന് കണ്ടെടുത്ത ഒമ്പത് പേജുള്ള പോക്കറ്റ് ഡയറിയിൽ കൊറിയൻ സംസ്കാരത്തോടുള്ള തീവ്രമായ അടുപ്പവും കുടുംബ കലഹത്തെക്കുറിച്ചുള്ള വേദനയും അടയാളപ്പെടുത്തിയിരുന്നു.
ഡൽഹിയിലെ ഷാലിമാർ ഗാർഡൻ പ്രദേശത്ത് നിന്ന് ചൊവ്വാഴ്ചയാണ് മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തത്. പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്നതിന് രണ്ടാഴ്ച മുമ്പ് കുമാർ 15,000 രൂപക്ക് ഫോൺ വിറ്റതായി പൊലീസ് പറഞ്ഞു. പിതാവ് ഫോൺ പിടിച്ചുവെച്ചതിനാൽ പെൺകുട്ടികൾ വിഷാദത്തിലായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി.
അവരുടെ മാതാപിതാക്കൾ അവരുടെ താൽപ്പര്യങ്ങളെയും വിവാഹം ഉൾപ്പെടെയുള്ള ഭാവി തെരഞ്ഞെടുപ്പുകളെയും എതിർത്തിരുന്നുവെന്ന് കുറിപ്പിൽ ആരോപിക്കുന്നു. കൊറിയൻ ഭാഷ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചെന്നും ഒരു ഇന്ത്യക്കാരനുമായുള്ള വിവാഹം ഒരിക്കലും സംഭവിക്കില്ലെന്നും ഡയറിയിൽ പറയുന്നു. 'നിങ്ങളുടെ അടിയാകുന്നതിനെക്കാൾ മരണമാണ് ഞങ്ങൾക്ക് നല്ലത്. അതുകൊണ്ടാണ് ഞങ്ങൾ ആത്മഹത്യ ചെയ്യുന്നത്... ക്ഷമിക്കണം പപ്പാ' എന്ന കുറിപ്പും ഡയറിയിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

