തൃണമൂൽ കോൺഗ്രസിന്റെ ‘രക്തസാക്ഷി ദിന’ റാലിക്ക് കൊൽക്കത്തയിൽ പൊലീസ് അനുമതി നിഷേധിച്ചു
text_fieldsമമത ബാനർജി
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ജൂലൈ 21ന് നടത്താനിരുന്ന തൃണമൂൽ കോൺഗ്രസിന്റെ ‘രക്തസാക്ഷി ദിന’ റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചു. നഗരമധ്യത്തിലെ എസ്പ്ലനേഡ് പ്രദേശത്ത് റാലി നടത്താനുള്ള അനുമതിയാണ് കൊൽക്കത്ത പൊലീസ് നിരസിച്ചത്.
പ്രദേശത്ത് ഗതാഗതക്കുരുക്കിനും നിയമ-സമാധാന പ്രശ്നങ്ങൾക്കും സാധ്യതയുള്ളതിനാലാണ് അനുമതി നിഷേധിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. ഗതാഗത തടസ്സങ്ങൾ പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
മമത ബാനർജി വിഭാഗത്തിനും വിമത ടിഎംസി വിഭാഗത്തിനും പരിപാടി നടത്താൻ അനുമതി നൽകിയിട്ടില്ല. എസ്പ്ലനേഡ് വേദിയിൽ റാലി നടത്താൻ അനുമതി തേടി ടി.എം.സി വിമത വിഭാഗവും പൊലീസിനെ സമീപിച്ചിരുന്നു.
1993 ജൂലൈ 21ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ ഓർമയിലാണ് ടി.എം.സി എല്ലാ വർഷവും ‘രക്തസാക്ഷി ദിന’ റാലി സംഘടിപ്പിക്കുന്നത്. വർഷങ്ങളായി മമത ബാനർജിയുടെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പരിപാടികളിലൊന്നായാണ് ഈ റാലി കണക്കാക്കപ്പെടുന്നത്. 1998ൽ മമതാ ബാനർജി കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസ് രൂപവത്കരിച്ചതിന് ശേഷവും ഈ ദിവസം പാർട്ടിയുടെ നേതൃത്വത്തിൽ ആചരിച്ചിരുന്നു.
പൊലീസ് നടപടി ജനാധിപത്യവിരുദ്ധം ആണെന്ന് ടി.എം.സി നേതാക്കൾ ആരോപിച്ചു. റാലി നടത്താൻ നിയമപരമായി മുന്നോട്ടുപോകുമെന്നും, ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുമെന്നും പാർട്ടി അറിയിച്ചു. വേദി മാറ്റുന്നതടക്കമുള്ള മറ്റ് സാധ്യതകളും നേതൃത്വം പരിശോധിക്കുന്നുണ്ട്.
അതേസമയം, ജൂലൈ 21ലെ റാലിയുടെ വേദി പരിശോധിക്കുന്നതിനിടെ പ്രദേശത്ത് വാഹന ഗതാഗതം തടസപ്പെടുത്തിയെന്ന് ആരോപിച്ച് ടി.എം.സി എം.എൽ.എ കുനാൽ ഘോഷിനും രാജ്യസഭാ എം.പി ഡോള സെന്നിനുമെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മമതയുടെ വിശ്വസ്തരായ ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് ഒരു ദിവസത്തിന് ശേഷമാണ് റാലി നടത്താൻ അനുമതി നിഷേധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

