കാൺപുർ: കഴിഞ്ഞ ദിവസം പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കുറ്റവാളി വികാസ് ദുബെയെ ഉത്തർപ്രദേശിലേക്ക് കൊണ്ടുവന്ന പോലീസുകാരന് കോവിഡ്. മധ്യപ്രദേശിലെ ഉജ്ജയിനിയിൽനിന്ന് ദുബെയെ കൊണ്ടുവന്ന വാഹനത്തിലുണ്ടായിരുന്ന കോൺസ്റ്റബിളിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം കാൺപുരിലെ ജി.എസ്.വി.എം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഈ വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് നാല് പോലീസുകാരുടെയും ഫലം നെഗറ്റീവായിരുന്നു.
വെള്ളിയാഴ്ച പുലർച്ചെയാണ് ഉത്തർപ്രദേശ് പൊലീസ് ദുബെയെ വെടിവച്ചു കൊന്നത്. വാഹനം മറിഞ്ഞതിനെ തുടർന്ന് രക്ഷപെടാൻ ശ്രമിച്ചപ്പോൾ ദുബെയെ വെടിവച്ചുകൊല്ലുകയായിരുന്നെന്നാണ് പൊലീസ് പറഞ്ഞത്.
വികാസ് ദുബെ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാൽ പുലർച്ചെ നാലിന് ടോൾ പ്ലാസയിലെ വീഡിയോയിലുളളത് ദുബെ മറ്റൊരു വാഹനത്തിൽ ഇരിക്കുന്നതാണ്. അപകടത്തിൽപ്പെട്ട വാഹനത്തിലേക്ക് ദുബെയെ മാറ്റുകയായിരുന്നുവെന്നാണ് ആരോപണം.