Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമറ്റു രാജ്യങ്ങളെ...

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ നിരക്ക് കുറവ്...; ഇന്ധന വില വർധനവിനെ ന്യായീകരിച്ച് കേന്ദ്രം

text_fields
bookmark_border
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ നിരക്ക് കുറവ്...; ഇന്ധന വില വർധനവിനെ ന്യായീകരിച്ച് കേന്ദ്രം
cancel

ന്യൂഡൽഹി: ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറിന്റെ വിലയിൽ 29 രൂപയുടെ വർധനവ് വരുത്തിയതിനെ ന്യായീകരിച്ച് കേന്ദ്രം. പശ്ചിമേഷ്യയിലെ പ്രതിസന്ധിയെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ പാചകവാതക വിലയിലുണ്ടായ കുതിച്ചുചാട്ടമാണ് ഈ വർധനവിന് കാരണമെന്നാണ് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം അറിയിച്ചത്.

അയൽരാജ്യങ്ങളെയും പല വികസിത രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യൻ കുടുംബങ്ങൾ ഇപ്പോഴും കുറഞ്ഞ നിരക്കിലാണ് പാചകവാതകം വാങ്ങുന്നതെന്ന് മന്ത്രാലയം വിശദീകരിച്ചു. ഡൽഹിയിൽ 942 രൂപയ്ക്കാണ് സിലിണ്ടർ ലഭിക്കുന്നത്. എന്നാൽ, യഥാർത്ഥ വിതരണച്ചെലവ് 1,600 രൂപയ്ക്ക് മുകളിൽ എത്തിയിട്ടുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി ഉജ്ജ്വല യോജനയിലൂടെ ഗുണഭോക്താക്കൾക്ക് വർഷത്തിൽ നാല് സിലിണ്ടറുകൾ വരെ 300 രൂപ സബ്‌സിഡി നിരക്കിൽ ലഭിക്കും. ഇതുപ്രകാരം ഇവർക്ക് ഒരു സിലിണ്ടറിന് 642 രൂപ മാത്രമേ ചിലവാകുന്നുള്ളൂ. ഇന്ത്യയുടെ എൽപിജി ആവശ്യകതയുടെ 60 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. സൗദി അരാംകോ നിശ്ചയിക്കുന്ന സൗദി കോൺട്രാക്ട് പ്രൈസിനെയാണ് ഇന്ത്യയിലെ എൽ.പി.ജി വില ബന്ധിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ ടണ്ണിന് 543 ഡോളറായിരുന്ന വില ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെത്തുടർന്ന് ജൂണിൽ 790 ഡോളറായി ഉയർന്നു. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ എൽ.പി.ജി വിലയിൽ 46 ശതമാനത്തോളം വർധനവാണുണ്ടായത്.

വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വില അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് എല്ലാ മാസവും സ്വയം പുതുക്കാറുണ്ട്. ഡൽഹിയിൽ ഒരു വാണിജ്യ സിലിണ്ടറിന്റെ വില നിലവിൽ 3,113.50 രൂപയാണ്.

അന്താരാഷ്ട്ര വിപണിയിലെ വിലവർധനവിന്റെ ഭാരം മുഴുവൻ സാധാരണക്കാരിലേക്ക് എത്തിക്കാതെ വലിയൊരു ഭാഗം സർക്കാർ തന്നെ വഹിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു. ഓരോ സിലിണ്ടറിലും ഏകദേശം 700 രൂപയോളം സർക്കാർ സബ്‌സിഡിയായി നൽകുന്നുണ്ട്. അതേസമയം, പൈപ്പ് വഴിയുള്ള പ്രകൃതിവാതകത്തിലേക്ക് മാറാനും പാചകവാതകം അമിതമായി പാഴാക്കാതെ ഉപയോഗിക്കാനും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

സർക്കാരിന്റെ ഈ നടപടിക്കെതിരെ പ്രതിപക്ഷം രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. അസംസ്കൃത എണ്ണവില കുറഞ്ഞിരുന്നപ്പോൾ ആ ഗുണം ജനങ്ങൾക്ക് നൽകാൻ സർക്കാർ തയ്യാറായില്ലെന്നും വില കൂടുമ്പോൾ മാത്രം അതിന്റെ ഭാരം ജനങ്ങളുടെ തലയിൽ കെട്ടിവെക്കുകയാണെന്നും കർണാടക മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ കുറ്റപ്പെടുത്തി. ഈ വിലക്കയറ്റം സാധാരണക്കാരന്റെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമെന്ന് കോൺഗ്രസ് എംപി വിവേക് തൻഖയും അഭിപ്രായപ്പെട്ടു.

ഇന്ന് രാവിലെയോടെയാണ് ഗാർഹിക എൽ.പി.ജി വിലയിൽ 29 രൂപയുടെ വർധനവുണ്ടായത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വർധനയാണിത്. പുതിയ വില നിലവിൽ വരുന്നതോടെ കോരളത്തിൽ ഗാർഹിക സിലിണ്ടറുകളുടെ വില 951 കടക്കും. ഡൽഹിയിൽ ഗാർഹിക പാചകവാതക വില 913 രൂപയിൽ നിന്ന് 942 രൂപയായി ഉയർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsprice hikeCooking gas pricesLatest News
News Summary - Cooking gas prices in India are still lower than in other countries; Centre justifies price hike
Next Story