മതം മാറിയാൽ പട്ടിക വർഗ പദവി നഷ്ടമാകില്ല- സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മതപരിവർത്തനത്തിലൂടെ പട്ടിക വർഗ പദവി നഷ്ടമാകില്ലെന്ന് സുപ്രീംകോടതി. പട്ടികവർഗ സമുദായത്തിൽപ്പെട്ട ഒരാൾക്ക് ആ ഗോത്രത്തിലെ അംഗത്വം നഷ്ടപ്പെടുന്നതിനുള്ള മാനദണ്ഡം മതപരിവർത്തനം അല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഹിന്ദു ദലിത് വ്യക്തി ക്രിസ്ത്യൻ/ ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതോടുകൂടി പട്ടിക ജാതിക്കാർക്ക് അനുവദിച്ചിട്ടുള്ള ഭരണഘടനാ ആനുകൂല്യങ്ങൾ, സംരക്ഷണം, സംവരണം, മുൻഗണനകൾ എന്നിവയെല്ലാം നഷ്ടമാകുമെന്നും എന്നാൽ ഇത് പട്ടിക വർഗക്കാർക്ക് ബാധകമല്ലെന്നും ജസ്റ്റിസ് പി.കെ മിശ്ര, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് ചൊവ്വാഴ്ച വ്യക്തമാക്കി.
മതപരിവർത്തനം സ്വയമേവ പട്ടികവർഗ പദവി നഷ്ടപ്പെടുന്നതിന് കാരണമാകില്ലെന്നും അതിനായി വ്യക്തി ഗോത്ര ആചാരങ്ങൾ ഉപേക്ഷിക്കണമെന്നും ബെഞ്ച് പറഞ്ഞു. ഹിന്ദു, സിഖ്, ബുദ്ധമതം എന്നീ മതങ്ങളിലുള്ളവരെ മാത്രമാണ് പട്ടിക ജാതിക്കാരായി പരിഗണിക്കുകയുള്ളൂ എന്നും എന്നാൽ പട്ടിക വർഗത്തിന് ഇത്തരമൊരു മാനദണ്ഡമില്ലെന്നും കോടതി വിശദീകരിച്ചു.
പൊതു ഭാഷ സംസാരിക്കുന്ന, ഒരു അധികാര കേന്ദ്രമുള്ള, ഒരേ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നവരെയാണ് ഗോത്രമായി പരിഗണിക്കുന്നതെന്ന് 2004ലെ സ്റ്റേറ്റ് ഓഫ് കേരള വേഴ്സസ് ചന്ദ്രമോഹൻ കേസിനെ ഉദ്ധരിച്ചുകൊണ്ട് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ പട്ടിക വർഗം എന്നത് കേവലം മതപരിവർത്തനത്താൽ നിശ്ചയിക്കപ്പെടുന്നതല്ലെന്നും മറിച്ച് വ്യക്തി ഇപ്പോഴും അവരുടെ ഗോത്രാചാരങ്ങൾ പിന്തുടരുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ആന്ധ്രാപ്രദേശിൽ മതം മാറിയ പാസ്റ്ററുടെ ഹരജിയിലാണ് സുപ്രീം കോടതി ഉത്തരവ്. പാസ്റ്റർക്ക് എതിരായ കയ്യേറ്റ കേസിൽ പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ നിയമ പ്രകാരമുള്ള കുറ്റം ചുമത്തണമെന്നമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
ഗ്രാമത്തിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയിരുന്ന തനിക്കും കുടുംബത്തിനുമെതിരെ ജാതീയമായ അധിക്ഷേപങ്ങളും വധഭീഷണിയും ഉണ്ടായെന്ന് കാട്ടി അദ്ദേഹം എസ്.സി/എസ്.ടി നിയമപ്രകാരം കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ, പരാതിക്കാരൻ ക്രിസ്തുമതത്തിലേക്ക് മാറുകയും പാസ്റ്ററായി ജോലി ചെയ്യുകയും ചെയ്യുന്നതിനാൽ എസ്.സി പദവിക്ക് അർഹനല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
ഭരണഘടനാ പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതങ്ങൾ പിന്തുടരുന്നവർക്ക് മാത്രമേ പട്ടികജാതി പദവിക്ക് അർഹതയുള്ളൂ. മറ്റ് മതങ്ങളിലേക്കുള്ള പരിവർത്തനം എസ്.സി പദവി നഷ്ടപ്പെടാൻ കാരണമാകുമെന്ന് കോടതി വ്യക്തമാക്കി. ഒരാളുടെ കൈവശം എസ്.സി സർട്ടിഫിക്കറ്റ് ഉണ്ടെന്നത് മാത്രം പദവി തെളിയിക്കാൻ പര്യാപ്തമല്ല. മതം മാറിയതോടെ ജാതി വിവേചനങ്ങൾ ഇല്ലാത്ത വിഭാഗത്തിന്റെ ഭാഗമായതിനാൽ പഴയ പദവി നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഹരജിക്കാരൻ പത്ത് വർഷത്തിലേറെയായി പാസ്റ്ററായി പ്രവർത്തിക്കുന്നുണ്ടെന്നും സംഭവദിവസം വീട്ടിൽ പ്രാർത്ഥന നടത്തുകയായിരുന്നുവെന്നും കോടതി കണ്ടെത്തി. അദ്ദേഹം ക്രിസ്തുമതം ഉപേക്ഷിക്കുകയോ പഴയ സമുദായത്തിലേക്ക് തിരികെ വരികയോ ചെയ്തിട്ടില്ലാത്തതിനാൽ എസ്.സി/എസ്.ടി നിയമപ്രകാരമുള്ള സംരക്ഷണം ലഭിക്കില്ലെന്ന് കോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

