ബലാത്സംഗക്കേസിൽ കുറ്റക്കാരനായ ആശാറാം ബാപ്പുവിന് ആരതിയുഴിഞ്ഞ് ആശുപത്രി ജീവനക്കാർ; വിവാദം, പിന്നാലെ സസ്പെൻഷൻ
text_fieldsആരതിയുഴിയുന്നതിന്‍റെ ദൃശ്യം
ന്യൂഡൽഹി: സൂറത്തിലെ ന്യൂ സിവിൽ ആശുപത്രിയിൽ, ബലാത്സംഗക്കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ആശാറാം ബാപ്പുവിന് ആരതിയുഴിഞ്ഞ് ജീവനക്കാർ. തിങ്കളാഴ്ചയാണ് സംഭവം. നിരവധി ബലാത്സംഗ കേസുകളിൽ പ്രതിയായ സ്വയംപ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പുവിന്റെ ചിത്രത്തിന് മുന്നിൽ മെഡിക്കൽ സ്റ്റാഫും നഴ്‌സുമാരും സുരക്ഷാ ജീവനക്കാരും ആരതി അർപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിവാദമുയരുകയായിരുന്നു.
ആശുപത്രിയുടെ സ്റ്റെം സെൽ കെട്ടിടത്തിന്റെ പ്രവേശന കവാടത്തിലാണ് ചടങ്ങ് നടന്നത്. വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. മനുഷ്യാവകാശ പ്രവർത്തകരുൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി. പരിപാടിയുടെ ആസാറാമിന്റെ ഫോട്ടോ ഒരു കസേരയിൽ വച്ചുകൊണ്ട് പ്രാർത്ഥന നടത്തുന്ന ഒരു സംഘടിത ചടങ്ങിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. സംഭവത്തിൽ ഒരു സുരക്ഷാ ജീവനക്കാരനെയും മറ്റൊരു ഉദ്യോഗസ്ഥനെയും സസ്പെൻഡ് ചെയ്തു.
വിഡിയോ കഴിഞ്ഞ ദിവസം റെക്കോഡ് ചെയ്തതാണെന്ന് ആശുപത്രിയിലെ ആർ.എം.ഒ ഡോ. കേതൻ നായക് സ്ഥിരീകരിച്ചു. ആരാധനാ ചടങ്ങിനെക്കുറിച്ച് താൻ പുറത്തുപോയപ്പോൾ സുരക്ഷാ ജീവനക്കാരൻ തന്നെ അറിയിച്ചതായും, പങ്കെടുക്കുന്നവരോട് ഉടൻ തന്നെ പരിസരം വിട്ടുപോകാൻ ഉത്തരവിട്ടതായും അദ്ദേഹം പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും ആശുപത്രി മാനേജ്‌മെന്റിന് സംഭവത്തിൽ യാതൊരു പങ്കുമില്ലെന്നും ഡോക്ടർ നായക് പറഞ്ഞു.
16കാരിയായ സ്കൂൾ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ 2013 ആഗസ്റ്റ് മുതൽ ആശാറാം ജയിലിലാണ്. സൂറത്തിലുള്ള ആശ്രമത്തിൽ വെച്ച് രണ്ട് സഹോദരിമാരെ ബലാത്സംഗം ചെയ്തതിന് ആശാറാമിനും മകൻ നാരായൺ സായിക്കുമെതിരെ വേറെയും കേസുണ്ട്. 2013ൽ സൂറത്തിലെ ആശ്രമത്തിൽ ശിഷ്യയെ ബലാത്സംഗം ചെയ്തെന്ന കേസിൽ കോടതി ആശാറാമിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ആരോഗ്യനില കണക്കിലെടുത്ത് ഈ വർഷമാദ്യം ജറാത്ത് ഹൈക്കോടതി ആശാറാം ബാപ്പുവിന് ജാമ്യം നൽകി. ആഗസ്റ്റ് 21 വരെ ഇയാൾക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

