സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമർശം: കേസെടുക്കാനുള്ള ഹൈകോടതി നിർദേശത്തിനെതിരെ മന്ത്രി സുപ്രീംകോടതിയെ സമീപിച്ചു
text_fieldsന്യൂഡൽഹി: സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമർശത്തിൽ കേസെടുക്കാനുള്ള ഹൈകോടതി ഉത്തരവിനെതിരെ മധ്യപ്രദേശ് മന്ത്രി സുപ്രീംകോടതിയെ സമീപിച്ചു. കുൻവാർ വിജയ് ഷായാണ് സുപ്രീകോടതിയിൽ സ്പെഷ്യൽ ലീവ് പെറ്റീഷൻ നൽകിയത്. കഴിഞ്ഞ ദിവസം വിജയ് ഷാക്കെതിരെ സ്വമേധയ കേസെടുക്കാൻ ഹൈകോടതി ഉത്തരവിട്ടിരുന്നു.
ഇൻഡോർ ജില്ലയിലെ മഹുവിൽ നടന്ന ഒരു പരിപാടിയിലാണ് മന്ത്രിയുടെ വിവാദ പരാമർശം. ഇതിന്‍റെ വിഡിയോ കോൺഗ്രസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ‘ഭീകരവാദികൾ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം തുടച്ചുമാറ്റി അനാദരവ് കാണിച്ചു. അവർക്ക് ഉചിതമായ മറുപടി നൽകാൻ ഞങ്ങൾ അവരുടെ സ്വന്തം സഹോദരിയെ അയച്ചു‘ - എന്നായിരുന്നു വിജയ് ഷായുടെ പരാമർശം.
തുടർന്ന് പരാമർശത്തിൽ ക്ഷമാപണം നടത്തി വിജയ് ഷാ രംഗത്തെത്തിയിരുന്നു. എന്റെ കുടുംബത്തിന് സൈനിക പശ്ചാത്തലമുണ്ട്, കാർഗിൽ യുദ്ധത്തിൽ ഉൾപ്പെടെ നിരവധി അംഗങ്ങൾ രക്തസാക്ഷികളായിട്ടുണ്ട്. ഇത്രയും ദുഃഖത്തോടെ പ്രസംഗിക്കുമ്പോൾ, ഞാൻ എന്തെങ്കിലും ആക്ഷേപകരമായ വാചകങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിൽ, പത്ത് തവണ ക്ഷമാപണം നടത്താൻ ഞാൻ തയാറാണ് എന്നായിരുന്നു വിജയ് ഷായുടെ പരാമർശം.
ഇന്ത്യൻ സേനയുടെ പെൺകരുത്തിന്‍റെ മുഖമായാണ് കരസേനയിലെ കേണൽ സോഫിയയേയും വ്യോമസേന കമാൻഡർ വ്യോമിക സിങ്ങിനേയും വിശേഷിപ്പിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം സംഭവം വിശദീകരിക്കാനായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചത് സോഫിയയും വ്യോമികയുമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.