വിവാദ ബില്ലുകൾ പരാജയപ്പെടുത്തണമെന്ന് പ്രതിപക്ഷ കക്ഷികളോട് കപിൽ സിബൽ
text_fieldsന്യൂഡൽഹി: വനിത സംവരണവുമായി ബന്ധപ്പെട്ട നിയമഭേദഗതിയുടെ പിന്നിൽ 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ജയിക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യമാണ് സർക്കാറിനുള്ളതെന്നും, പ്രതിപക്ഷം അത് പരാജയപ്പെടുത്തണമെന്നും രാജ്യസഭാ എം.പി കപിൽ സിബൽ.
മണ്ഡല പുനർനിർണയം അനുകൂലമാക്കി പരുവപ്പെടുത്തി തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള തന്ത്രമാണ് ബി.ജെ.പി ഒരുക്കുന്നതെന്ന് പ്രതിപക്ഷ കക്ഷികളെ അദ്ദേഹം ഓർമിപ്പിച്ചു.
വനിതകൾക്ക് 33 ശതമാനം സംവരണം നൽകാൻ ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ ലോക്സഭയിൽ നിലവിലുള്ള 543 സീറ്റുകളിൽ വനിതകൾക്ക് സംവരണം നൽകാനുള്ള ബില്ലാണ് സർക്കാർ കൊണ്ടുവരേണ്ടത്. ബി.ജെ.പി എന്ത് ചെയ്താലും രാഷ്ട്രീയ ലക്ഷ്യം മുന്നിൽ ക്കണ്ടാണ്. ഗുണകരമാകുമെന്ന് ബോധ്യമാകുമ്പോഴാണ് അവർ ബിൽ അവതരിപ്പിക്കുക. 2026നുശേഷം സെൻസസും മണ്ഡല പുനർനിർണയവും പൂർത്തിയാക്കിയ ശേഷം വനിത സംവരണ നിയമം നടപ്പാക്കാമെന്ന ലക്ഷ്യത്തിലാണ് 106ാം ഭരണഘടനാ ഭേദഗതി ബില്ലിലെ 334-എ വകുപ്പ് അവതരിപ്പിച്ചത്. പാർലമെന്റ് അത് ഐകകണ്ഠ്യേന പാസാക്കുകയും ചെയ്തതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അത് മാറ്റാനാണ് ഇപ്പോഴത്തെ നീക്കം. എന്ത് മാറ്റമാണ് ഉദ്ദേശിക്കുന്നതെന്ന് പറയുന്നുമില്ല. സന്ദർഭം നോക്കിയാൽ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്ന് വ്യക്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഏപ്രിൽ 16 മുതൽ 18 വരെ പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നത്. മണ്ഡല പുനർനിർണയത്തിൽ, നിലവിൽ 80 സീറ്റുള്ള ഉത്തർപ്രദേശിൽ 120 സീറ്റും, 39 സീറ്റുള്ള തമിഴ്നാട്ടിൽ 59 സീറ്റും ആയി ഉയരും. ഇവ തമ്മിലുള്ള അന്തരം 41ൽ നിന്ന് 61 സീറ്റായി മാറുമെന്നും, അത് ബി.ജെ.പിക്ക് നേട്ടമാകുമെന്നാണ് കണക്കാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വടക്കൻ മേഖലയിൽ 238 ൽ 127 സീറ്റുകൾ നേടിയ ബി.ജെ.പിക്ക് തെക്കൻ മേഖലയിൽ 130 സീറ്റുകളിൽ 29 മാത്രമാണ് നേടാൻ കഴിഞ്ഞത്.
ഇന്ത്യയുടെ ഭാവി വെച്ചാണ് ബി.ജെ.പി രാഷ്ട്രീയം കളിക്കുന്നതെന്നും പാർലമെന്റിലെ പ്രതിപക്ഷ കക്ഷികളിലെ ഒരംഗം പോലും അത് അംഗീകരിച്ചുകൊടുക്കരുതെന്നും, അപ്പാടെ തള്ളിക്കളയണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

