ശുചിമുറിയിലിരുന്ന് വിചാരണയിൽ പങ്കെടുത്ത യുവാവിനെതിരെ കോടതിയലക്ഷ്യ നടപടി
text_fieldsഅഹ്മദാബാദ്: ശുചിമുറിയിൽ ഇരുന്ന് ഓൺലൈൻ വിചാരണയിൽ (വെർച്വൽ ഹിയറിങ്) പങ്കെടുത്ത യുവാവിനെതിരെ ഗുജറാത്ത് ഹൈകോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചു. ജൂൺ 20ന് ജസ്റ്റിസ് നിർസർ എസ്. ദേശായി കേസ് പരിഗണിക്കുമ്പോഴാണ് സംഭവം. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ജൂൺ 30ന് ജസ്റ്റിസ് എ.എസ്. സുപേഹിയ, ആർ.ടി. വച്ചാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹൈകോടതി രജിസ്ട്രിയോട് വിഡിയോയിൽ കാണുന്ന വ്യക്തിക്കെതിരെ കോടതിയലക്ഷ്യ കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിടുകയായിരുന്നു. നോട്ടീസ് കൈമാറി രണ്ടാഴ്ചക്ക് ശേഷം കേസെടുക്കുന്ന കാര്യം തീരുമാനിക്കും. സൂറത്തിലെ അബ്ദുൽ സമദ് ആണ് വിഡിയോയിൽ ഉള്ളതെന്ന് വ്യക്തമായിട്ടുണ്ട്.
വിഡിയോ കോൺഫറൻസ് വഴി ഗുജറാത്ത് ഹൈകോടതി നടപടികളിൽ പങ്കെടുത്ത പരാതിക്കാരന്‍റെ വിഡിയോ സോഷ്യൽ മീഡിയ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. സൂം മീറ്റിങ്ങിൽ സമദ് ബാറ്ററി എന്ന പേരിൽ ലോഗ് ചെയ്തയാൾ ശുചിമുറിയിലിരുന്നുകൊണ്ടാണ് കോടതി നടപടികളിൽ പങ്കെടുത്തത്. ബ്ലൂടൂത്ത് സ്പീക്കർ ചെവിയിൽ വെച്ച് ടോയ്‍ലെററിലെത്തുന്ന ഇയാൾ സൗകര്യപ്രദമായ രീതിയിൽ ഫോൺ കാമറ വൈഡ് ആംഗിളിൽ വെച്ചുകൊണ്ടാണ് കോടതി നടപടികളിൽ പങ്കെടുത്തത്.
ചെക്ക് മടങ്ങിയ കേസിൽ പരാതിക്കാരനായ സമദ് കേസിനാധാരമായ എഫ്.ഐ.ആർ തള്ളണമെന്ന എതിർകക്ഷിയുടെ അപേക്ഷയിലാണ് കോടതി നടപടികളിൽ പങ്കെടുത്തത്. ജഡ്ജിയും മറ്റ് അഭിഭാഷകരും ഗൗരവമായി കേസിന്‍റെ നടപടികളിലേക്ക് കടക്കവെ ഇയാൾ ഫ്ലഷ് ചെയ്യുന്നതും പിന്നീട് സ്വയം വൃത്തിയാക്കുന്നതുമെല്ലാം വിഡിയോയിൽ കാണാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.