അമിത് ഷായുടെ മണ്ഡലത്തിൽ മലിനജല ദുരന്തം; ഒരു മരണം; നൂറോളം പേർക്ക് ടൈഫോയ്ഡ് ബാധ
text_fieldsഗാന്ധിനഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികൾ
ഗാന്ധിനഗർ: മധ്യപ്രദേശിലെ ഇന്ദോറിലെ മലിനജല ദുരന്തത്തിനു പിന്നാലെ, ഗുജറാത്തിലെ ഗാന്ധിനഗറിലും മലിനജല ദുരന്തം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മണ്ഡലം കൂടിയായ ഗാന്ധി നഗറിൽ കുടിവെള്ളത്തിൽ മലിന ജലം കലർന്നതിനെ തുടർന്ന് ഒരു കുട്ടി മരിച്ചു. രണ്ടു കുട്ടികൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നൂറോളം കുട്ടികൾ ഉൾപ്പെടെ 150ൽ ഏറെ പേർ ടൈഫോയ്ഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗാന്ധിനഗർ സെക്ടർ 24, 28 ഭാഗങ്ങളിലും അദിവാഡ മേഖലയിലുമാണ് കുടിവെള്ള പൈപ്പ് പൊട്ടി മാലിന്യം കലർന്നത്.
വിവിധ ആശുപത്രികളിൽ കഴിയുന്ന നിരവധി പേർക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചു.
ആയിരത്തോളം പേരാണ് ചികിത്സ തേടിയത്. അഞ്ചു ദിവസം മുമ്പാണ് മേഖലയിൽ രോഗം റിപ്പോർട്ട് ചെയ്തത്. ശാരീരിക അവശതകളുമായി നിരവധി പേർ ആശുപത്രികളിൽ പ്രവേശിച്ചതോടെയാണ് ഉറവിടം കണ്ടെത്തിയത്. നഗരത്തിലെ കുടിവെള്ള പൈപ്പുകളിൽ മലിന ജലം കലർന്നതായി പൊതുജനങ്ങൾ പരാതിപ്പെട്ടതോടെ അധികൃതർ നടപടികളുമായി രംഗത്തിറങ്ങി. ശനിയാഴ്ച മാത്രം ഗാന്ധിനഗർ ആശുപത്രിയിൽ 104 കുട്ടികളാണ് ടൈഫോയ്ഡ് ബാധയെ തുടർന്ന് ചികിത്സ തേടിയെത്തിയത്. ഇതുവരെ 19 പേർ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ഒമ്പത് കുട്ടികളെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ സ്വകാര്യ ആശുപത്രികളും നിരവധി പേർ ചികിത്സ തേടി.
അതേസമയം, ആരുടെയും നില ഗുരുതരമല്ലെന്ന് സിവിൽ ഹോസ്പിറ്റൽ മെഡിക്കൽ സുപ്രണ്ട് ഡോ. മിത പരിഖ് പറഞ്ഞു. അടുത്ത 15 ദിവസങ്ങളിൽ രോഗികളുടെ നിരക്ക് തുടരാൻ സാധ്യതയുണ്ടെന്നും, ആരോഗ്യ സംവിധാനങ്ങൾ രണ്ടാഴ്ച ജാഗ്രതയോടെ പ്രവർത്തിക്കുമെന്നും അവർ വ്യക്തമാക്കി.
അദിവാഡയിൽ കുടിവെള്ള പൈപ്പിൽ മലിനജലം കലർന്നതാണ് നഗരത്തിലെ വിവിധ ഇടങ്ങളിൽ മലിന ജലദുരന്തത്തിന് വഴിയൊരുക്കിയത്. വെള്ളം ദുർഗന്ധം വമിക്കുകയും, നിറംമാറുകയും ചെയ്തതോടെയാണ് ജനങ്ങൾ പരാതിയുമായി എത്തിയത്. അപ്പോഴേക്കും നിരവധി പേർ രോഗബാധിതരായ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. ഉടൻ പരിശോധന ആരംഭിക്കുകയും, നടപടികൾ സ്വീകരിക്കുകയും ചെയ്തതായി ഗാന്ധിനഗർ മുനിസിപ്പൽ അധികൃതർ അറിയിച്ചു. അടിയന്തര ഇടപെടലിന് കേന്ദ്ര മന്ത്രി അമിത് ഷാ നിർദേശം നൽകി. മുഖ്യമന്ത്രി ഹർഷ് സാംങ്‍വിയുമായി ബന്ധപ്പെട്ട് ഷാ സ്ഥിതിഗതികൾ വിലയിരുത്തി.
ഇന്ദോറിലുണ്ടായ കുടിവെള്ള ദുരന്തത്തിൽ 10 പേരാണ് മരിച്ചത്. കുടിവെള്ളത്തിൽ കക്കൂസ് മാലിന്യം കലർന്നതാണ് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

