മദ്യം കോവിഡിന്റെ അപകട സാധ്യത വർധിപ്പിക്കുമെന്ന് ഡോക്ടർമാർ
text_fieldsന്യൂഡൽഹി: മദ്യം കോവിഡിനെ പ്രതിരോധിക്കുമോ? വൈറസിനെ നശിപ്പിക്കാൻ മദ്യം ഉത്തമമാണെന്ന കാര്യകാരണസഹിതമുള്ള പ്രചാരണം കേൾക്കുമ്പോൾ ആർക്കും തോന്നും കാര്യം ശരിയാണെന്ന്. എന്നാൽ, ഡോക്ടർമാർ പറയുന്നത് നേരെ തിരിച്ചാണ്. കോവിഡുമായി ബന്ധപ്പെട്ട അപകടസാധ്യത വർധിപ്പിക്കുന്നതാണ് മദ്യം എന്നാണ് ഡൽഹിയിലെ ഡോക്ടർമാർ പറയുന്നത്.
മദ്യപാനത്തിന്റെ അളവ് വർധിക്കുമ്പോൾ ശരീരത്തിന്റെ പ്രതിരോധ ശേഷി ഗണ്യമായി കുറയുകയാണ് ചെയ്യുക. കോവിഡ് പോലുള്ള വൈറസുകളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ ശേഷിയാണ് മദ്യപാനത്തിലൂടെ ഇല്ലാതാകുന്നതെന്നർഥം.
‘സമ്മർദം കുറക്കാനാണ് പലരും മദ്യം ഉപയോഗിക്കുന്നത്. എന്നാൽ, മദ്യപിക്കുമ്പോൾ ജാഗ്രത നഷ്ടപ്പെടുകയും ആലോചിച്ച് തീരുമാനമെടുക്കാനുള്ള ശേഷി നഷ്ടപ്പെടുകയും ചെയ്യുന്നു. സൂക്ഷ്മത ആവശ്യമുള്ള ഇത്തരം ഘട്ടങ്ങളിൽ ഇത് വളരെ അപകടകരമാണ്’ - കൺസൾട്ടൻറ് സൈക്യാട്രിസ്റ്റ് ഡോ. മനീഷ് ജെയ്ൻ പറയുന്നു.
‘മദ്യം ശരീരത്തിലെ ഒാരോ അവയവത്തെയും ബാധിക്കുന്നു. ശരീരത്തിന്റെ പ്രതിരോധ സംവിധാനം ദുർബലപ്പെടുത്തുന്നു. പകർച്ചവ്യാധികളെ നേരിടാനുള്ള കരുത്ത് ശരീരത്തിന് നഷ്ടപ്പെടുന്നു’ - ഡോ. മനീഷ് ജെയ്ൻ ചൂണ്ടിക്കാട്ടി.
മദ്യം സമ്മർദം കുറക്കുമെന്നത് തെറ്റായ ധാരണയാണെന്ന് സൈക്യാട്രിസ്റ്റ് ഡോ. രാജീവ് മെഹ്ത പറയുന്നു. ‘മദ്യം നിങ്ങളെ കൊല്ലുകയാണ്. അത് സമ്മർദം ഇല്ലാതാക്കുന്നില്ല. ബോധം നശിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ബോധം നശിക്കുമ്പോൾ സമ്മർദം ഇല്ലാതാകുന്നുവെന്ന് തോന്നുക മാത്രമാണ്’ - ഡോ രാജീവ് മെഹ്ത പറയുന്നു.
30-40 ദിവസത്തേക്ക് മദ്യം ഒഴിവാക്കാമെങ്കിൽ അതിൽ കൂടുതൽ കാലത്തേക്കും മദ്യത്തെ മാറ്റി നിർത്താമെന്നാണ് ജനങ്ങൾ മനസിലാക്കേണ്ടതെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
