എസ്.ഐ.ആർ റദ്ദാക്കണമെന്ന് മുൻ സിവിൽ സർവിസ് ഉദ്യോഗസ്ഥർ
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷനിലെ ഭിന്നതകൾ പുറത്താകുകയും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന ആവശ്യം ശക്തിപ്പെടുകയും ചെയ്തതിനിടെ എസ്.ഐ.ആർ പ്രക്രിയ റദ്ദാക്കണമെന്ന ആവശ്യവുമായി മുൻ സിവിൽ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ.
വോട്ടർമാരെ കൂട്ടത്തോടെ വെട്ടിമാറ്റിയതും, പൗരന്മാർക്ക് മുന്നിൽ യുക്തിരഹിതമായ ആവശ്യങ്ങൾ വെച്ചതുമൊക്കെ വോട്ടർമാരുടെ ഇടയിൽ നിരാശയും അതൃപ്തിയും ഉളവാക്കിയെന്നാണ് മുൻ ഉദ്യോഗസ്ഥർ അംഗങ്ങളായ കോൺസ്റ്റിറ്റ്യൂഷനൽ കോണ്ടക്റ്റ് ഗ്രൂപ് തുറന്ന കത്തിൽ ചൂണ്ടിക്കാട്ടുന്നത്. പൗരത്വം തെളിയിക്കാനുള്ള ബാധ്യത വോട്ടർമാരുടെ മേൽ ചുമത്തുന്നത് കമീഷന്റെ ഭരണഘടനാപരമായ അധികാരപരിധിക്ക് പുറത്താണ്.
അതിന് ഭരണഘടനാപരമായ ന്യായീകരണമില്ല. ഇത്തരത്തിലുള്ള എസ്.ഐ.ആർ രാജ്യത്തെ ബഹുസ്വര ജനാധിപത്യ സംവിധാനത്തെ ദുർബലമാക്കുമെന്ന് കത്ത് ചൂണ്ടിക്കാട്ടി. ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാകുകയും, ഡൽഹി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് നടപടി ഉണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് തുറന്ന കത്തുമായി മുൻ ഉദ്യോഗസ്ഥർ രംഗത്തു വന്നത്.
തെരഞ്ഞെടുപ്പ് കമീഷനിൽ പ്രവർത്തിച്ച് പരിചയമുള്ളവരും പല തലങ്ങളിലുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നേരിട്ട് കൈകാര്യം ചെയ്തിട്ടുള്ളവരുമാണ് തങ്ങളെന്ന് കത്തിൽ അവർ സ്വയം പരിചയപ്പെടുത്തുന്നുണ്ട്. സമഗ്രമായ ചർച്ചകൾക്ക് ശേഷമാണ് എസ്.ഐ.ആർ റദ്ദാക്കേണ്ടതാണെന്ന നിഗമനത്തിലെത്തിയതെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

