Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർലമെന്റല്ല, ഭരണഘടന...

പാർലമെന്റല്ല, ഭരണഘടന തന്നെയാണ് പരമോന്നതം; ഉപരാഷ്ട്രപതിയുടെ വിമർശനത്തിന് നിയുക്ത ചീഫ് ജസ്റ്റിസ് ഗവായിയുടെ മറുപടി

text_fields
bookmark_border
പാർലമെന്റല്ല, ഭരണഘടന തന്നെയാണ് പരമോന്നതം; ഉപരാഷ്ട്രപതിയുടെ വിമർശനത്തിന് നിയുക്ത ചീഫ് ജസ്റ്റിസ് ഗവായിയുടെ മറുപടി
cancel

ന്യൂഡൽഹി: ഭരണഘടന മാത്രമാണ് പരമോന്നതമെന്നും നിയമനിർമാണ സഭയോ എക്സിക്യൂട്ടിവോ അവരുടെ കടമകൾ നിർവഹിക്കുന്നതിൽ പരാജയപ്പെടുമ്പോഴെല്ലാം ജുഡീഷ്യറി ഇടപെടുമെന്നും ഇന്ത്യയുടെ നിയുക്ത ചീഫ് ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായ്. ജുഡീഷ്യറിയുടെ ‘അതിക്രമം’ സംബന്ധിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ വിമർശനത്തെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഗവായിയുടെ പ്രസ്താവന.

ജനാധിപത്യത്തിന്റെ മൂന്ന് തൂണുകൾ ആയ ജുഡീഷ്യറി, ലെജിസ്ലേച്ചർ, എക്സിക്യൂട്ടിവ് എന്നിവ ഭരണഘടനയുടെ നാല് കോണുകൾക്കുള്ളിൽ പ്രവർത്തിക്കണമെന്ന് ‘ദി ടെലിഗ്രാഫി’നോട് സംസാരിച്ച ജസ്റ്റിസ് ഗവായ് വ്യക്തമാക്കി.

‘പാർലമെന്റ് പരമോന്നമാണെന്നത് നല്ല പ്രസ്താവനയല്ല. ആത്യന്തികമായി ഭരണഘടനയാണ് പരമോന്നതം. ജനാധിപത്യത്തിന്റെ മൂന്ന് തൂണുകളും അതിരുകടക്കാതെ ഭരണഘടനയുടെ നാല് കോണുകൾക്കുള്ളിൽ പ്രവർത്തിക്കേണ്ടതാണ്’- ധൻഖറിന്റെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ ജസ്റ്റിസ് ഗവായ് പറഞ്ഞു.

നിയമസഭ എടുക്കുന്ന നയപരമായ തീരുമാനങ്ങൾ റദ്ദാക്കാൻ സുപ്രീംകോടതി ആർട്ടിക്കിൾ 141 ‘ഒരു മിസൈലായി’ ഉപയോഗിക്കുകയാണെന്നും ധൻഖർ ആരോപിച്ചിരുന്നു. ദുരിതബാധിതർക്ക് പൂർണനീതി ലഭ്യമാക്കുന്നതിനുള്ള ഏതൊരു ഉത്തരവോ, വിധിയോ പുറപ്പെടുവിക്കാൻ സുപ്രീംകോടതിക്ക് അസാധാരണമായ അധികാരവും അധികാരപരിധിയും ആർട്ടിക്കിൾ 142 നൽകുന്നു.

നിയമനിർമാണ സഭ പ്രവർത്തിക്കാതിരിക്കുമ്പോഴോ എക്സിക്യൂട്ടിവ് അതിന്റെ ചുമതലകൾ നിർവഹിക്കാതിരിക്കുമ്പോഴോ മാത്രമേ ജുഡീഷ്യറി അതിരുകടക്കൂവെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു.

അതേസമയം, സുപ്രീംകോടതി നയപരമായ തീരുമാനങ്ങൾ എടുക്കുകയാണെങ്കിൽ പാർലമെന്റ് അടച്ചിടണമെന്ന് പറഞ്ഞ ധൻഖറും ബി.ജെ.പി എം.പി നിഷികാന്ത് ദുബെയും നടത്തിയ സമീപകാല ആക്രമണങ്ങളെ, ജുഡീഷ്യറിയെ ദുർബലപ്പെടുത്തുന്നതിനുള്ള ഭരണകക്ഷിയുടെ വ്യവസ്ഥാപിതമായ മാർഗമായി വ്യാഖ്യാനിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വാദിച്ചു. ‘അത് പാർട്ടിയുടെ (ബി.ജെ.പി) വീക്ഷണമല്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് താൻ കരുതുന്നുവെന്നും ജസ്റ്റിസ് ഗവായ് നിരീക്ഷിച്ചു.

കുറ്റാരോപിതരെ വിചാരണ കൂടാതെ ജയിലിൽ അടക്കുന്നതിലൂടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിൽ നിന്ന് പിന്മാറുകയാണെന്ന ആരോപണങ്ങൾ പരാമർശിച്ച​പ്പോൾ, ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശം പവിത്രമാണെന്നും അത് നിയമപരമായ വ്യവസ്ഥകൾക്ക് വിധേയമല്ലെന്നും ജസ്റ്റിസ് ഗവായി പറഞ്ഞു. ആം ആദ്മി നേതാവും മുൻ ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്കും ദീർഘകാലമായി തടവിൽ കഴിയുന്ന മറ്റ് നിരവധി പ്രതികൾക്കും താൻ അനുവദിച്ച ജാമ്യം അദ്ദേഹം ഓർമിപ്പിച്ചു.

ബി.ജെ.പി നേതാവ് പൂർണേഷ് മോദി ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ശിക്ഷയും രണ്ട് വർഷത്തെ തടവും ജസ്റ്റിസ് ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് 2023 ഓഗസ്റ്റ് 4ന് സ്റ്റേ ചെയ്തിരുന്നു. 2002ലെ ഗോധ്രാനന്തര കലാപത്തിൽ ഉന്നത ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കാൻ വ്യാജരേഖകൾ ചമച്ചുവെന്ന കേസിൽ 2023 ജൂലൈ 19ന്, ജസ്റ്റിസുമാരായ ഗവായി, എ.എസ്. ബൊപ്പണ്ണ (വിരമിച്ച ശേഷം), ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിന് സ്ഥിരം ജാമ്യം അനുവദിച്ചു.

‘രാഹുൽ ഗാന്ധിയുടെയോ ടീസ്റ്റ സെതൽവാദിന്റെയോ കേസ് രാഷ്ട്രീയമായി മാറിയെന്ന് ഞാൻ കരുതുന്നില്ല. ആരും അത് ചർച്ച ചെയ്തില്ല. കേസിന്റെ വസ്തുതകൾ കണക്കിലെടുത്താണ് ഞങ്ങൾ തീരുമാനിക്കുന്നത്. അദ്ദേഹത്തിന് (രാഹുലിന്) ആറ് വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലായിരുന്നു. ആ തീരുമാനം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെ മാത്രമല്ല അദ്ദേഹത്തെ തെരഞ്ഞെടുത്ത വോട്ടർമാരെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലുകളെക്കുറിച്ചുള്ള വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ, നയപരമായ തീരുമാനങ്ങളുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജികൾ കൈകാര്യം ചെയ്യാൻ സുപ്രീംകോടതി അടുത്തിടെ വിമുഖത കാണിച്ചുവെന്ന സൂചനകൾ ജസ്റ്റിസ് ഗവായ് തള്ളി. നവംബർ 13ന്, രാജ്യത്തുടനീളമുള്ള അധികാരികൾക്ക് 15 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകാതെ അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റരുതെന്ന് തന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിർദ്ദേശിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parlimentConstitutionJustices BR GavaiSupreme Court
News Summary - Constitution is supreme: CJI-designate Gavai responds to Dhankhar’s criticism
Next Story