മണ്ഡല പുനർനിർണ്ണയ-വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; സംസ്ഥാനങ്ങളിലെ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കും
text_fieldsന്യൂഡൽഹി: മണ്ഡല പുനർനിർണ്ണയത്തിലൂടെ വനിതാ സംവരണം നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. എല്ലാ സംസ്ഥാനങ്ങളിലെയും സീറ്റുകളിൽ 50 ശതമാനം തുല്യ ആനുപാതിക വർദ്ധനവ് വരുത്താനും 2051 വരെ നിലവിലെ അനുപാതം തുടരാനും വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിച്ച് വനിതകൾക്ക് സംവരണം ഉറപ്പാക്കുന്ന ഭരണഘടനാ ഭേദഗതി ബില്ലിനാണ് അനുമതി ലഭിച്ചത്.
2026 നവംബർ 27-ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. നേരത്തെ ഏപ്രിലിൽ ബിൽ പാസാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്നാണ് വീണ്ടും പുതിയ നീക്കം. പ്രത്യേക പാർലമെന്റ് സമ്മേളനം നവംബർ 30-ന് ലോക്സഭയിലും ഡിസംബർ 2-ന് രാജ്യസഭയിലും ചേരാനിരിക്കെയാണ് മന്ത്രിസഭയുടെ ഈ നിർണ്ണായക തീരുമാനം. ഓഗസ്റ്റ് 13ന് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ വർഷകാല സമ്മേളനത്തിന്‍റെ തുടർച്ചയാണ് ഈ സമ്മേളനം വിളിച്ചുചേർത്തത്.
എന്നാൽ ഈ സമ്മേളനത്തിൽ ഏതെല്ലാം ബില്ലുകളാണ് പരിഗണിക്കുകയെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. ഏപ്രിലിൽ എൻ.ഡി.എ ഗവൺമെന്‍റ് അവതരിപ്പിച്ച ബിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ കഴിയാത്തതിനാൽ പരാജയപ്പെട്ടിരുന്നു. പ്രധാനമായും രണ്ട് ഭേദഗതികളാണ് ഈ ബില്ലിൽ ഉള്ളത്. ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർധനവ് വരുത്തുക എന്നതും ലോക്സഭയിലെ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം നിശ്ചയിക്കുന്നതിനേ 1971ലെ സെൻസസ് അടിസ്ഥാനമാക്കുന്നത് 25 വർഷത്തേക്ക് കൂടി നീട്ടുക എന്നതുമാണ്.
ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് ബിൽ തള്ളിപ്പോയതിനാൽ തന്നെ നിലവിൽ പ്രതിപക്ഷത്തിലെ കക്ഷികളുടെയും വിമതരുടെയയും പിന്തുണ തേടാനാണ് ബി.ജെ.പി നീക്കം. അതേസമയം പ്രതിപക്ഷ പാർട്ടികൾ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ടാണ് ബി.ജെ.പി ഈ ബിൽ വീണ്ടും കൊണ്ടുവരുന്നതെന്നാണ് ആരോപിക്കുന്നത്.

