മുഖ്യമന്ത്രി കസേരയിൽ ആശയക്കുഴപ്പം; രാഹുൽ ഗാന്ധിയിൽനിന്ന് വ്യക്തത തേടി സിദ്ധരാമയ്യ
text_fieldsബംഗളൂരു: കർണാടകയിലെ നേതൃത്വ മാറ്റവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ചക്ക് അനുമതി തേടി. ഭരണതലപ്പത്തെ അധികാരത്തർക്കത്തെക്കുറിച്ച് നിരന്തരം അഭ്യൂഹങ്ങൾ പരക്കുന്ന സാഹചര്യത്തിലാണ് സിദ്ധരാമയ്യയുടെ നീക്കം. സംസ്ഥാന ഭരണത്തിൽ നേതൃമാറ്റം ഉണ്ടാകുമെന്ന തരത്തിലുള്ള പ്രചരണങ്ങളിൽ വ്യക്തത വരുത്തണമെന്ന് സിദ്ധരാമയ്യ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മന്ത്രിസഭാ വിപുലീകരണത്തിന് താൻ താല്പര്യപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും രണ്ടര വർഷം വീതം മുഖ്യമന്ത്രി പദം പങ്കിടുമെന്ന ധാരണ നേരത്തെ ഉണ്ടായിരുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. സിദ്ധരാമയ്യ കാലാവധിയുടെ പകുതി പൂർത്തിയാക്കിയ സാഹചര്യത്തിൽ ശിവകുമാർ പക്ഷത്തെ ചില എം.എൽ.എമാർ നേതൃമാറ്റത്തിനായി സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇത്തരം തർക്കങ്ങളെ തള്ളിക്കളയുകയാണ്. സിദ്ധരാമയ്യ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുമെന്നും പാർട്ടിയിൽ നിലവിൽ ആശയക്കുഴപ്പങ്ങളില്ലെന്നുമാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നേരത്തെ വ്യക്തമാക്കിയത്.
തങ്ങൾ തമ്മിൽ ഭിന്നതകളില്ലെന്നും സഹോദരങ്ങളെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും ഡി.കെ. ശിവകുമാറും ആവർത്തിച്ചു. ബി.ജെ.പി ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ കോൺഗ്രസ് സർക്കാർ ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം മുഖ്യമന്ത്രി കസേരയ്ക്കായുള്ള പോരിലാണെന്ന് ബി.ജെ.പി പരിഹസിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുമായുള്ള സിദ്ധരാമയ്യയുടെ കൂടിക്കാഴ്ച കർണാടക രാഷ്ട്രീയത്തിൽ ഏറെ നിർണായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

