പരീക്ഷാ ഹാളിൽ ഉദ്യോഗാർഥിയുടെ കുഞ്ഞിനെ പരിചരിച്ച് വനിതാ കോൺസ്റ്റബിൾ
text_fieldsമാൽകങ്കിരി: ഒഡിഷയിൽ പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷ നടക്കുന്ന മാൽകാങ്കിരി കോളജ് കഴിഞ്ഞ ദിവസം ഹൃദയഹാരിയായ കാഴ്ചക്ക് സാക്ഷിയായി. കോളജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ കോൺസ്റ്റബിൾ ഉദ്യോഗാർഥിയുടെ കുഞ്ഞിനെ പരിചരിച്ച് അവരെ പരീക്ഷക്ക് ഹാജരാകാൻ സഹയിച്ചതാണ് എല്ലാവരുടെയും കൈയടി നേടിയ സംഭവം.
22കാരിയായ ചഞ്ചല മാലിക് പരീക്ഷ എഴുതാൻ എത്തിയത് നാല് മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ടാണ്. ഞായറാഴ്ച 9.20 ഓടെ അവർ പരീക്ഷാ കേന്ദ്രത്തിൽ എത്തിയിരുന്നു. കുഞ്ഞിനെ പരിചരിക്കാനായി ചഞ്ചൽ അവരുടെ അമ്മയോടും ഭർതൃ മാതാവിനോടും പരീക്ഷാ കേന്ദ്രത്തിലെത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇരുവരും എത്തിയില്ല. കുട്ടി കരയാൻ കൂടി തുടങ്ങിയതോടെ പരീക്ഷ എഴുതാനാകില്ലെന്ന് ചഞ്ചൽ കരുതി.
പരീക്ഷാ സമയം അടുക്കുന്നതനുസരിച്ച്, തന്റെ കുടുംബത്തിലെ ആരെങ്കിലും വരുമെന്ന് ചഞ്ചൽ പ്രതീക്ഷയോടെ കാത്തിരുന്നു. എന്നാൽ ആരും എത്തിയില്ല. പരീക്ഷാ ഹാളിലേക്കുള്ള പ്രവേശനം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പരീക്ഷാ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ കോൺസ്റ്റബിൾ ബാസന്തി ചൗധരി അവിടെ എത്തുകയും കുഞ്ഞിനെ താൻ പരിചരിക്കാമെന്ന് അറിയിക്കുകയുമായിരുന്നു. തുടർന്ന് ചഞ്ചല കുഞ്ഞിനെ ബാസന്തിയെ ഏൽപ്പിച്ച് പരീക്ഷ എഴുതാൻ പോയി.
ബാസന്തി കുഞ്ഞിനെ എടുത്തു നടക്കുക മാത്രമല്ല, ഇടക്കിടെ കുഞ്ഞിനു ഭക്ഷണങ്ങൾ നൽകുകയും ചെയ്തു.
പരീക്ഷ കഴിയും വരെ അവർ കുഞ്ഞിനെ നോക്കി. പരീക്ഷക്ക് ശേഷം കുഞ്ഞിനെ ചഞ്ചലിന് കൈമാറുകയും ചെയ്തു. മറ്റ് പല സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി ഒഡിഷ പൊലീസിൽ 33 ശതമാനം വനിതാ സംവരണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

