വിജയ്‌യുടെ ടി.വി.കെ സർക്കാറിനെ അട്ടിമറിക്കാൻ ഗൂഢാലോചന?; 35 കോടി വാഗ്ദാനം ചെയ്തെന്ന് പരാതി; മൂന്ന് പേർ അറസ്റ്റിൽ
text_fieldsതമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
ചെന്നൈ: തമിഴ്നാട്ടിൽ അധികാരമേറ്റ് രണ്ട് മാസം തികയുന്നതിന് മുമ്പേ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ (തമിഴക വെട്രി കഴകം) സർക്കാറിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടന്നതായി സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ. സർക്കാറിനെ അസ്ഥിരപ്പെടുത്താനായി 15 ടി.വി.കെ എം.എൽ.എമാരെ ഒരേസമയം രാജി ചെയ്യിക്കാനായിരുന്നു നീക്കമെന്നാണ് റിപ്പോർട്ടുകൾ.
ഉത്തങ്കരൈയിൽ നിന്നുള്ള ടി.വി.കെ എം.എൽ.എ എൻ. ഇളയരാജ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഐ.പി.ഡി.എസ് എന്ന കൺസൾട്ടൻസി സ്ഥാപനത്തിലെ ജീവനക്കാരൻ തന്നോട് സംസാരിച്ചുവെന്നും, നിയമസഭ സ്പീക്കർ ജെ.സി.ഡി പ്രഭാകറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ 35 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നുമാണ് ഇളയരാജയുടെ പരാതി. ഇക്കാര്യം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആരോപിക്കുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ചെന്നൈയിൽനിന്ന് ഒരാളെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഡി.എം.കെ എം.എൽ.എ സെന്തിൽ ബാലാജിയുമായുള്ള ബന്ധം പുറത്തുവരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കരൂരിൽനിന്ന് രണ്ട് പേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവരിൽ ഒരാൾക്ക് സെന്തിൽ ബാലാജിയുമായും സഹോദരൻ അശോകുമായും അടുത്ത ബന്ധമുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു.
സംഭവത്തിൽ ഡി.എം.കെക്കെതിരെ രൂക്ഷവിമർശനവുമായി ടി.വി.കെ മന്ത്രി സി.ടി. നിർമൽ കുമാർ രംഗത്തെത്തി. സെന്തിൽ ബാലാജിയുമായി നേരിട്ട് ബന്ധമുള്ളവരും ‘കരൂർ സംഘം’ എന്ന് വിളിക്കപ്പെടുന്നവരുമാണ് ഗൂഢാലോചനക്ക് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. എം.കെ. സ്റ്റാലിന്റെയും ഉദയനിധിയുടെയും നിർദേശപ്രകാരമാണ് സെന്തിൽ ബാലാജി പ്രവർത്തിക്കുന്നത്. ഡി.എം.കെയും എ.ഐ.എ.ഡി.എം.കെ നേതാവ് എടപ്പാടി കെ. പളനിസ്വാമിയും ചേർന്ന് ടി.വി.കെ എം.എൽ.എമാരെ വിലക്കെടുക്കാൻ ശ്രമിക്കുകയാണ്. പല എം.എൽ.എമാർക്കും 10 കോടി മുതൽ 50 കോടി രൂപ വരെ വാഗ്ദാനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ, തെളിവുകളില്ലാതെ ടി.വി.കെ ഗൂഢാലോചന എന്ന പേരിൽ ഒരു നരേറ്റീവ് സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് ഡി.എം.കെ വക്താവ് എ. ശരവണൻ പ്രതികരിച്ചു. അന്വേഷണ വിവരങ്ങൾ ചോർത്തി നൽകി പൊതുജനമധ്യത്തിൽ തെറ്റിദ്ധാരണ പരത്താനാണ് ടി.വി.കെ ശ്രമിക്കുന്നത്. സെന്തിൽ ബാലാജിക്ക് പങ്കുണ്ടെങ്കിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ സർക്കാർ ധൈര്യം കാണിക്കണമെന്നും ശരവണൻ വെല്ലുവിളിച്ചു.
നേരത്തെ വിജയ്‌യുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിന് പിന്നിൽ സെന്തിൽ ബാലാജിയാണെന്ന് വിജയ് ആരോപിച്ചിരുന്നു. ഇരുവരും തമ്മിലുള്ള പഴയ വൈരാഗ്യവും ഈ രാഷ്ട്രീയ വിവാദങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

