ന്യൂഡൽഹി: സുപ്രീംകോടതിയിലെത്തുന്ന ഹരജികൾ ജഡ്ജിമാർക്ക് പക്ഷപാതപരമായി കൈമാറുന്ന വിഷയം പൊതുസമൂഹത്തിനു മുമ്പാകെ വെളിപ്പെടുത്തിയ നാലു ജഡ്ജിമാരെ അനുകൂലിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് നാലു മുൻ ജഡ്ജിമാരുടെ തുറന്ന കത്ത്.
വിരമിച്ചശേഷം സാമൂഹിക വിഷയങ്ങളിൽ ഉന്നതമായ ഇടപെടലുകൾ നടത്തുന്ന സുപ്രീംകോടതി മുൻ ജഡ്ജി പി.ബി. സാവന്ത്, ഡൽഹി ഹൈകോടതി മുൻ ജഡ്ജി എ.പി ഷാ, മദ്രാസ് ഹൈകോടതിയിൽനിന്ന് വിരമിച്ച കെ. ചന്ദ്രു, ബോംബൈ ഹൈകോടതി മുൻ ജഡ്ജി എച്ച്. സുരേഷ് എന്നിവരാണ് ചീഫ് ജസ്റ്റിസിനോട് വിയോജിച്ച് കത്തയച്ചത്.
കേസുകൾ ബെഞ്ചുകൾക്ക് കൈമാറുന്ന വിഷയത്തിൽ വ്യക്തമായ ചട്ടം രൂപപ്പെടുത്തുന്നതുവരെ പൊതുപ്രാധാന്യമുള്ള ഗൗരവപ്പെട്ട ഹരജികൾ മുതിർന്ന അഞ്ച് ജഡ്ജിമാർ മാത്രം പരിഗണിക്കണം, ജൂനിയർ ജഡ്ജിമാർക്ക് നൽകരുതെന്നാണ് തുറന്ന കത്തിലെ പ്രധാന ആവശ്യം.
ജസ്റ്റിസുമാരായ ജെ. ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി. ലോകുർ, കുര്യൻ ജോസഫ് എന്നിവരെ നാലു പേരും പിന്തുണച്ചു. ഏതു ബെഞ്ച് ഏതു കേസ് കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കാൻ ചീഫ് ജസ്റ്റിസിനാണ് അധികാരം എന്നതു ശരിതന്നെ. എന്നാൽ, സ്വേച്ഛാപരമായി ചുമതല നിർവഹിക്കാൻ ചീഫ് ജസ്റ്റിസിന് അധികാരമില്ല. സുപ്രധാന കേസുകൾ ജൂനിയർ ജഡ്ജിമാർക്ക് കൈമാറുകയല്ല വേണ്ടത്. കേസുകൾ യുക്തിസഹമായും സുതാര്യമായും വിഭജിച്ചു നൽകുന്നുവെന്ന് ഉറപ്പു വരുത്തണം.
സുപ്രീംകോടതിയിൽ ജനങ്ങൾക്കുള്ള വിശ്വാസം പുനഃസ്ഥാപിക്കാൻ ഇൗ നടപടി അടിയന്തരമായി വേണം. ചട്ടം രൂപപ്പെടുത്തുന്നതു വരെ മുതിർന്ന അഞ്ചു ജഡ്ജിമാരുടെ ഭരണഘടന ബെഞ്ച് പ്രധാന കേസുകൾ കേൾക്കണം. സുപ്രധാന കേസുകളിൽ നിശ്ചിതമായൊരു വിധി ഉണ്ടാകാൻ പാകത്തിൽ വീതംവെക്കാൻ അധികാരം ദുരുപയോഗിക്കപ്പെടരുതെന്ന് തുറന്ന കത്തിൽ പറഞ്ഞു. ചീഫ് ജസ്റ്റിസിനെ അനുകൂലിച്ചും വാർത്തസമ്മേളനം നടത്തിയ മുതിർന്ന ജഡ്ജിമാർക്കൊപ്പവുമായി നീതിപീഠവും നിയമലോകവും രണ്ടു തട്ടിൽ നിൽക്കുന്നതാണ് കാഴ്ച. നാലു മുൻ ജഡ്ജിമാരുടെ കാഴ്ചപ്പാടു തന്നെയാണ് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രകടിപ്പിച്ചത്.
എന്നാൽ, ബാർ കൗൺസിൽ ഒാഫ് ഇന്ത്യ, ജഡ്ജിമാർ വാർത്തസമ്മേളനം നടത്തിയതിന് എതിരാണ്. ഇൗ കാഴ്ചപ്പാട് പ്രകടിപ്പിക്കുന്ന സുപ്രീംകോടതി മുൻ ജഡ്ജിമാരുമുണ്ട്. എന്നാൽ, ബാഹ്യ ഇടപെടലുകൾ കൂടാതെ സുപ്രീംകോടതി ജഡ്ജിമാർ പരസ്പരം സംസാരിച്ച് വിഷയം തീർക്കണമെന്ന കാര്യത്തിൽ എല്ലാവർക്കും ഒരേനിലപാടാണ്.