പ്രായപൂർത്തിയാകാത്തവരുടെ അനുമതി, നിയമത്തിന്റെ കണ്ണിൽ സമ്മതമല്ല -ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സമ്മതം നിയമത്തിന്റെ കണ്ണിൽ സമ്മതമായി കണക്കാക്കാനാകില്ലെന്ന് ഡൽഹി ഹൈകോടതി. 16 കാരിയെ ബലാത്സംഗം ചെയ്തുവെന്ന കേസിലെ പ്രതിക്ക് ജാമ്യം നിഷേധിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ആധാർ കാർഡിൽ പെൺകുട്ടിയുടെ ജനന തീയതി തിരുത്തിയതായും കണ്ടെത്തി. ആധാർ കാർഡിൽ ജനന തീയതി തിരുത്തിയത് ഗുരുതര കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു.
ജനന തീയതി മാറ്റി അതിന്റെ ആനുകൂല്യം പറ്റാൻ പ്രതി ശ്രമിച്ചു. പെൺകുട്ടിയുമായി ശാരീരിക ബന്ധം പുലർത്തിയ സമയം അവൾക്ക് പ്രായപൂർത്തിയായിട്ടുണ്ടെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിയുടെ ശ്രമം.
16 കാരിയായ പെൺകുട്ടിയുടെ സമ്മതം, പ്രത്യേകിച്ച് പ്രതിയായയാൾ 23 കാരനായ വിവാഹിതൻ കൂടിയായതിനാൽ ജാമ്യത്തിന് അർഹതയില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സമ്മതം നിയമത്തിന്റെ കണ്ണിൽ സമ്മതമായി കണക്കാക്കാനാകില്ല. -ജസ്റ്റിസ് ജസ്മീത് സിങ് ഉത്തരവിൽ പറഞ്ഞു.
2019ൽ പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മകളെ കാണാനില്ലെന്നായിരുന്നു പിതാവിന്റെ പരാതി. പിന്നീട് പെൺകുട്ടിയെ ഉത്തർപ്രദേശിലെ സമ്പാലിൽ നിന്ന് കണ്ടെത്തി തിരികെ കൊണ്ടുവന്നു. ഒരു പുരുഷനോടൊപ്പമായിരുന്നു പെൺകുട്ടിയെ കണ്ടെത്തിയത്. മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ അയാൾ തന്റെ ആൺസുഹൃത്താണെന്നും ഒന്നരമാസമായി അയാൾക്കൊപ്പമാണ് താമസമെന്നും പെൺകുട്ടി വ്യക്തമാക്കിയിരുന്നു. സുഹൃത്ത് തന്റെ സമ്മതത്തോടെ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും സുഹൃത്തിനൊപ്പം തന്നെ കഴിയാനാണ് താത്പര്യപ്പെടുന്നതെന്നും പെൺകുട്ടി മൊഴിയിൽ വ്യക്തമാക്കിയിരുന്നു.
2019 മുതൽ പൊലീസ് കസ്റ്റഡിയിൽ തുടരുന്ന ഇയാൾ പെൺകുട്ടികയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജാമ്യാപേക്ഷ നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

