കർണാടക കോൺഗ്രസിൽ സമവായം; രാജി പിൻവലിച്ച് രാമലിംഗ റെഡ്ഡി
text_fieldsബംഗളൂരു: കർണാടക മന്ത്രിസഭയിലെ പ്രതിസന്ധികൾക്ക് വിരാമമിട്ട് മുതിർന്ന കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി തന്റെ രാജി പിൻവലിച്ചു. പാർട്ടി നേതൃത്വവുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് തീരുമാനം. രാജി പിൻവലിച്ചതോടെ പാർട്ടിയിലെ ആഭ്യന്തര ഭിന്നതകൾ പരിഹരിക്കപ്പെട്ടതായും സർക്കാർ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് പോകുമെന്നും എ.ഐ.സി.സി കർണാടകയുടെ ചുമതലയുള്ള രൺദീപ് സിങ് സുർജേവാല അറിയിച്ചു. രാമലിംഗ റെഡ്ഡിയുടെ രാജി തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചതാണെന്നും, പാർട്ടിയിലെ വിശ്വസ്തനായ പോരാളിയായി അദ്ദേഹം തുടരുമെന്നും സുർജേവാല വ്യക്തമാക്കി.
കർണാടക മന്ത്രിസഭയിൽ അദ്ദേഹത്തിന്റെ സേവനം അത്യന്താപേക്ഷിതമാണെന്നും, പാർട്ടി നേതൃത്വത്തിന്റെ ഇടപെടലിലൂടെ പ്രശ്നം പൂർണ്ണമായും പരിഹരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് സർക്കാരിന്റെ അധികാര കൈമാറ്റവും മന്ത്രിസഭാ രൂപീകരണവും തടസ്സപ്പെടുത്താൻ ബി.ജെ.പി ശ്രമിച്ചിരുന്നുവെന്നും, എന്നാൽ സമവായത്തിലൂടെ പാർട്ടി ഈ നീക്കങ്ങളെ ഫലപ്രദമായി നേരിട്ടുവെന്നും സുർജേവാല പരിഹസിച്ചു.
മന്ത്രിസഭാ പുനഃസംഘടനക്കും പോർട്ട്‌ഫോളിയോ വിഭജനത്തിനുശേഷം ഉണ്ടായ ചെറിയ ആശയക്കുഴപ്പങ്ങൾ പരിഹരിക്കപ്പെട്ടതോടെ, സർക്കാർ പൂർണ്ണമായും വികസന പ്രവർത്തനങ്ങളിലും ക്ഷേമ പദ്ധതികളിലും ശ്രദ്ധ കേന്ദ്രീകരിക്കും. നിയമസഭയിലും കൗൺസിലിലുമുള്ള കോൺഗ്രസിന്റെ കരുത്ത് വർധിപ്പിക്കുന്നതിനായി ബി.കെ ഹരിപ്രസാദ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചുകഴിഞ്ഞു. രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ നടന്ന പത്രിക സമർപ്പണം പാർട്ടിയുടെ കെട്ടുറപ്പിന് വലിയ കരുത്ത് പകർന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിദ്ധാരാമയ്യയുടെ ഭരണ കൈമാറ്റത്തിന് ശേഷം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഡി.കെ. ശിവകുമാർ മന്ത്രി സഭയിൽ, ബംഗളൂരു വികസന വകുപ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്ന രാമലിംഗ റെഡ്ഡിക്ക് മേജർ ആൻഡ് മീഡിയം ഇറിഗേഷൻ വകുപ്പ് ലഭിച്ചതാണ് രാജി സമർപ്പിക്കാൻ കാരണമായതെന്നാണ് റിപ്പോർട്ട്. എന്നാൽ, മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കളും നടത്തിയ സമവായ ചർച്ചകൾക്ക് ശേഷമാണ് അദ്ദേഹം തീരുമാനത്തിൽ നിന്ന് പിന്മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

