സമ്പൂർണ പരാജയം: മണിപ്പൂരിലെ ബി.ജെ.പി സഖ്യസർക്കാറിൽ നിന്ന് എൻ.പി.പി പിൻമാറി
text_fieldsഇംഫാൽ: സംഘർഷ കലുഷിതമായ മണിപ്പൂരിൽ ബി.ജെ.പി സഖ്യ സർക്കാറിനുള്ള പിന്തുണ നാഷനൽ പീപ്ൾസ് പാർട്ടി (എൻ.പി.പി) പിൻവലിച്ചു. സംസ്ഥാനത്തെ വംശീയ കലാപം അവസാനിപ്പിച്ച് സാധാരണനില പുനസ്ഥാപിക്കുന്നതിൽ എൻ. ബിരേൻ സിങ് സർക്കാർ പരാജയപ്പെട്ടതായി ആരോപിച്ചാണ് കോൺറാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള എൻ.പി.പി പിന്തുണ പിൻവലിച്ചത്. ഇതുസംബന്ധിച്ച് ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡക്ക് പാർട്ടി കത്തയച്ചു.
അതേസമയം, നിയമസഭയിൽ ഒറ്റക്ക് ഭൂരിപക്ഷമുള്ള ബി.ജെ.പിക്ക് എൻ.പി.പിയുടെ പിന്മാറ്റം ഭീഷണിയാവില്ല. 60 അംഗ നിയമസഭയിൽ എൻ.പി.പിക്ക് ഏഴ് എം.എൽ.എമാരാണുള്ളത്. ബി.ജെ.പിക്ക് 32 സീറ്റും എൻ.ഡി.എ സഖ്യത്തിലെ മറ്റു കക്ഷികളായ ജെ.ഡി.യുവിന് ആറും നാഗാ പീപ്ൾസ് ഫ്രണ്ടിന് (എൻ.പി.എഫ്) അഞ്ചും സീറ്റാണുള്ളത്. മൂന്ന് സ്വതന്ത്രരുടെ പിന്തുണയും സഖ്യത്തിനുണ്ട്. രണ്ട് അംഗങ്ങളുള്ള കുക്കി പീപ്ൾസ് അലയൻസ് (കെ.പി.എ) കഴിഞ്ഞവർഷം എൻ.ഡി.എ സർക്കാറിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. കോൺഗ്രസിന് അഞ്ച് അംഗങ്ങളാണുള്ളത്.
ബി.ജെ.പി കഴിഞ്ഞാൽ സഖ്യസർക്കാറിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള പാർട്ടിയാണ് എൻ.പി.പി. നേരത്തേ കുക്കികളുടെ സഖ്യം എൻ.ഡി.എയിൽ നിന്ന് പിൻമാറിയിരുന്നു. മണിപ്പൂരിൽ കത്തിപ്പടരുന്ന സംഘർഷം തടയുന്നതിൽ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ സമ്പൂർണമായി പരാജയപ്പെട്ടുവെന്ന് എൻ.പി.പി ആരോപിച്ചു.
അതേസമയം, സംസ്ഥാനത്ത് കേവല ഭൂരിപക്ഷം ഉള്ളതിനാൽ എൻ.പി.പി പുറത്തുപോയാലും സർക്കാറിനെ ഒരു തരത്തിലും ബാധിക്കില്ല. മണിപ്പൂരിൽ എൻ.പി.പിക്ക് ഏഴ് എം.എൽ.എമാരാണുള്ളത്. എന്നാൽ വലിയ രാഷ്ട്രീയ ചുവടുവെപ്പാണ് ഈ പിൻവാങ്ങൽ. സംഘർഷം തടയുന്നതിൽ പരാജയമാണെന്ന് കാണിച്ച് മണിപ്പൂർ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് എൻ.പി.പി കത്തയച്ചിട്ടുമുണ്ട്.
'മണിപ്പൂരിലെ സ്ഥിതിഗതികളിൽ എൻ.പി.പി ആശങ്കയറിയിക്കുന്നു. കഴിഞ്ഞ കുറച്ചുദിവസമായി സംസ്ഥാനത്തെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. നിരവധി നിരപരാധികൾക്കാണ് ജീവൻ നഷ്ടമായത്. സംഘർഷം തടഞ്ഞ് സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിൽ മുഖ്യമന്ത്രി ബിരേൻസിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ സമ്പൂർണമായി പരാജയപ്പെട്ടു. ഈ സാഹചര്യത്തിലെ സർക്കാറിനു നൽകിയിരുന്ന പിന്തുണ പാർട്ടി അവസാനിപ്പിക്കുകയാണ്.''-എന്നാണ് കത്തിൽ പറയുന്നത്.
കലാപം കത്തിപ്പടരുന്ന സാഹചര്യത്തിൽ കേന്ദ്രമന്ത്രി അമിത് ഷാ മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി ഡൽഹിയിലേക്ക് മടങ്ങിയിരുന്നു. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള അടിയന്തര നടപടികൾക്ക് അമിത് ഷാ നിർദേശം നൽകിയതായാണ് റിപ്പോർട്ട്. അമിത് ഷാ തിരിച്ചെത്തിയാലുടൻ പ്രത്യേക യോഗം ചേരുമെന്നും മണിപ്പൂർ വിഷയം ചർച്ച ചെയ്യുമെന്നുമാണ് കരുതുന്നത്.
ദുരിതാശ്വാസക്യാമ്പിൽ നിന്ന് സായുധസംഘം തട്ടിക്കൊണ്ടുപോയ ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണ് മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമായത്. കൊല്ലപ്പെട്ട മെയ്ത്തി വിഭാഗക്കാർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ജനം പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. പലയിടങ്ങളിലും വീടുകൾക്കും ദേവാലയങ്ങൾക്കും നേരെ വ്യാപക അക്രമണമുണ്ടായി.
ഇംഫാലിൽ രണ്ടു മന്ത്രിമാരുടെയും മൂന്ന് എം. എൽ.എ.മാരുടെയും വീടുകൾ ആക്രമിച്ചു. ആക്രമണം രൂക്ഷമായതോടെ ഏഴ് ജില്ലകളിൽ ഇന്റർനെറ്റും വിച്ഛേദിച്ചിരുന്നു. വെസ്റ്റ് ഇംഫാലിൽ അനിശ്ചിത കാലത്തേക്ക് കർഫ്യൂ ഏർപ്പെടുത്തി. മണിപ്പൂരിൽ സംഘർഷം പടരുന്ന സാഹചര്യത്തിൽ അയൽ സംസ്ഥാനമായ മിസോറമിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

