സുകേഷ് ചന്ദ്രശേഖർ കേസ്; മാപ്പുസാക്ഷിയാകാൻ അനുമതി തേടി നടി ജാക്വിലിൻ ഫെർണാണ്ടസ്
text_fieldsന്യൂഡൽഹി: ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാപ്പുസാക്ഷിയാകാൻ അനുമതി തേടി ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസ്. അടുത്തിടെ കേസിൽ താൻ മാപ്പുസാക്ഷിയാകാൻ ആഗ്രഹിക്കുന്നതായി നടി ഡൽഹി കോടതിയിൽ പറഞ്ഞിരുന്നു. തുടർന്ന് മാപ്പുസാക്ഷിയാകാനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) ഔദ്യോഗിക അപേക്ഷ നൽകാൻ നടിയോട് കോടതി പറഞ്ഞു.
നടപടിക്രമങ്ങളുടെ ഭാഗമായി മാപ്പുസാക്ഷിയാകാനുള്ള അഭ്യർഥന അന്വേഷണ ഏജൻസിക്ക് ജാക്വിലിൻ സമർപ്പിക്കണം, ശേഷം നടിയുടെ മൊഴി രേഖപ്പെടുത്തും. തുടർന്ന് ജാക്വിലിനെ മാപ്പുസാക്ഷിയാക്കാൻ കോടതിയിൽ അപേക്ഷ നൽകണോ വേണ്ടയോ എന്ന് അന്വേഷണ ഏജൻസിക്ക് തീരുമാനിക്കാം.
കേസിൽ ജാക്വിലിനെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കാൻ സുപ്രീം കോടതി വിസമ്മതിച്ചതിന് മാസങ്ങൾക്ക് ശേഷമാണ് പുതിയ സംഭവവികാസം. നിരവധി കേസുകളിൽ പ്രതിയായി ജയിലിൽ കഴിയുന്ന ചന്ദ്രശേഖർ നടിയുടെ കാമുകനാണെന്ന് അവകാശപ്പെട്ട് നിരവധി തവണ രംഗത്തെത്തിയിരുന്നു. ഇരുവരുടെയും നിരവധി ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ, സുകേഷ് ഒരു ബിസിനസുകാരനാണെന്ന് വിശ്വസിപ്പിച്ച് തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് നടി കോടതിയിൽ പറഞ്ഞത്.
കഴിഞ്ഞ സെപ്റ്റംബറിൽ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടിക്കെതിരെ ആരംഭിച്ച കള്ളപ്പണം വെളുപ്പിക്കൽ നടപടികൾ റദ്ദാക്കേണ്ടതില്ലെന്ന ഡൽഹി ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ജാക്വിലിന്റെ ഹരജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. തനിക്കെതിരായ എല്ലാ ആരോപണങ്ങളും അവർ നിഷേധിച്ചിരുന്നു. കൂടാതെ സുകേഷിന്റെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലായിരുന്നുവെന്നും നടി കോടതിയിൽ പറഞ്ഞിരുന്നു.
എന്നാൽ, 2022 ആഗസ്റ്റിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഇ.ഡി നടിയെയും കൂട്ടുപ്രതിയാക്കിയിരുന്നു. ജാക്വലിൻ സുകേഷിൽ നിന്ന് ഏഴ് കോടിയിലധികം രൂപ വിലമതിക്കുന്ന ആഡംബര സമ്മാനങ്ങൾ ആഭരണങ്ങൾ, വസ്ത്രങ്ങൾ, വാഹനങ്ങൾ എന്നിവ സ്വീകരിച്ചതായി കേന്ദ്ര അന്വേഷണ ഏജൻസി പറയുന്നു. സുകേഷിന്റെ അറസ്റ്റിനുശേഷം നടി ഫോണിൽ നിന്ന് വിവരങ്ങൾ ഇല്ലാതാക്കിയതായും സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ മറച്ചുവെച്ചതായും, പിന്നീട് തെളിവുകൾ ഹാജരാക്കിയപ്പോൾ കുറ്റം സമ്മതിച്ചതായും ഇ.ഡി പറയുന്നു. ഉന്നത വ്യക്തികളെ ലക്ഷ്യമിട്ട് സുകേഷ് 215 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നതാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

