കാണ്മാനില്ല എന്ന അടിക്കുറിപ്പിൽ മോദിയുടെ തലയില്ലാചിത്രവുമായി കോൺഗ്രസിന്റെ കടന്നാക്രമണം
text_fieldsന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ്. ഉത്തരവാദിത്തം കാട്ടേണ്ട സമയത്ത് ‘ഗയാബ്’ (കാണ്മാനില്ല) എന്ന അടിക്കുറിപ്പിൽ മോദിയുടെ തലയില്ലാത്ത ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചായിരുന്നു കോൺഗ്രസിന്റെ പരിഹാസം.
കോൺഗ്രസിന്റെ പരിഹാസത്തെ പ്രതിരോധിച്ച് രംഗത്തെത്തിയ ബി.ജെ.പി, ‘സർ തൻ സേ ജുദാ’ (തലയറുക്കുക) എന്ന് തീവ്രവാദ മുദ്രാവാക്യം പാർട്ടി ഏറ്റുപറയുകയാണെന്ന് ആരോപിച്ചു. മുസ്ലിം ലീഗ് 2.0 ആയി കോൺഗ്രസ് അധഃപതിക്കുകയാണ്. ഭിന്നിപ്പിക്കുന്നതും നിരാശജനകവും ദിശാബോധമില്ലാത്തതുമാണ് പാർട്ടിയുടെ നിലപാടെന്നും ബി.ജെ.പി എക്സിൽ കുറിച്ചു. കോൺഗ്രസ്, ലശ്കറെ പാകിസ്താൻ കോൺഗ്രസ് ആയെന്നായിരുന്നു ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയയുടെ മറുപടി. പ്രധാനമന്ത്രിയെ ഇകഴ്ത്തി മുസ്ലിം വോട്ട് ബാങ്കിന്റെ പ്രീണനമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് ആരോപിച്ച് ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യയും രംഗത്തെത്തി.
സർക്കാർ നടപടികൾക്ക് പൂർണ പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഭീകരാക്രമണം നടന്ന് ദിവസങ്ങൾ പിന്നിടുന്നതിനിടെ, സർക്കാർ നടപടികളിൽ അതൃപ്തി പ്രകടിപ്പിച്ചും സംശയമുയർത്തിയും പ്രതിപക്ഷം രംഗത്തെത്തിയതോടെ ശത്രുരാജ്യത്തിന് ഉതകുന്ന നിലപാടുകളാണ് കോൺഗ്രസിന്റേതെന്നാരോപിച്ച് ബി.ജെ.പിയും പ്രതിരോധം കടുപ്പിച്ചു. അതിനു പിന്നാലെയാണ് പ്രധാനമന്ത്രിയെ സമൂഹമാധ്യമത്തിൽ കോൺഗ്രസ് കടന്നാക്രമിച്ചത്.
പ്രത്യേക സർവകക്ഷി യോഗത്തിൽനിന്ന് പ്രധാനമന്ത്രി വിട്ടുനിന്നതിനെ വിമർശിച്ച് കോൺഗ്രസ് എം.പി ജയറാം രമേശും തിങ്കളാഴ്ച രംഗത്തെത്തി. സർവകക്ഷി യോഗത്തിൽ പങ്കെടുക്കാൻ സമയമില്ലാത്ത പ്രധാനമന്ത്രി ബിഹാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതിനെ അദ്ദേഹം പരിഹസിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

